അമ്പലപ്പുഴ ക്ഷേത്രത്തിലെ പന്ത്രണ്ട് കളഭമഹോത്സവം നടത്തിപ്പ് പ്രതിസന്ധിയിൽ
1490396
Saturday, December 28, 2024 4:59 AM IST
അന്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ പന്ത്രണ്ട് കളഭ മഹോത്സവ നടത്തിപ്പ് പ്രതിസന്ധിയിലാകുന്നു. ദേവസ്വം ബോർഡ് അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യമുയർന്നു. ക്ഷേത്രത്തിലെ ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് മകരം 1 മുതൽ 12 വരെ കളഭമഹോത്സവം നടക്കുന്നത്. എന്നാൽ, ഒരു വർഷം മുൻപ് അധികാരത്തിലെത്തിയ ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ തമ്മിലാരംഭിച്ച തർക്കമാണ് ഇപ്പോൾ കളഭ മഹോത്സവ നടത്തിപ്പിലും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
പ്രസിഡന്റും സെക്രട്ടറിയും തമ്മിലുള്ള അതിരൂക്ഷമായ തർക്കം ഇപ്പോൾ ക്ഷേത്രത്തിന് കളങ്കമുണ്ടാക്കിയിരിക്കുകയാണ്. ഉപദേശകസമിതി ഓഫീസ് സെക്രട്ടറിയും മറ്റൊരു കമ്മിറ്റിയംഗവും കൂടി പൊളിച്ചത് വലിയ വിവാദമായിത്തീർന്നിരുന്നു. ഇതുസംബന്ധിച്ച് പ്രസിഡന്റ് പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. സംഭവം വിവാദമായതോടെ ദേവസ്വം ബോർഡ് ഇടപെട്ട് കഴിഞ്ഞദിവസം ഒത്തുതീർപ്പ് ചർച്ച നടത്തിയെങ്കിലും ഇത് ഫലം കണ്ടില്ല. പിന്നാലെ പ്രസിഡന്റ് രാജി സന്നദ്ധത അറിയിക്കുകയും സെക്രട്ടറി തൽസ്ഥാനം ഒഴിഞ്ഞ് കത്തു കൈമാറുകയും ചെയ്തു.
ഈ സാഹചര്യത്തിൽ ഉപദേശകസമിതി ഭാരവാഹികൾ തമ്മിൽ തർക്കം നിലനിൽക്കുമ്പോൾ കളഭം എങ്ങനെ സുഗമമായി മുന്നോട്ടു കൊണ്ടുപോകുമെന്ന ആശങ്കയാണ് ഭക്തർക്ക്. ഇത് കണക്കിലെടുത്ത് അഡ് ഹോക്ക് കമ്മിറ്റിയെ തെരഞ്ഞെടുത്ത് കളഭം നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
വിജിലൻസ് അന്വേഷണം നേരിട്ട വ്യക്തിയെ വീണ്ടും സെക്രട്ടറിയാക്കിയ സിപിഎം നേതൃത്വത്തിനെതിരെയും പ്രതിഷേധമുയർന്നിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ സിപിഐ നേതൃത്വം കെ. കവിതയോട് നിർദേശിച്ചെങ്കിലും ഇവർ ഇതിന് വഴങ്ങിയിട്ടില്ല.