പാലിയേറ്റീവ് കെയർ വോളണ്ടിയര്‍മാരുടെ സംസ്ഥാനസമ്മേളനം ഇന്നും നാളെയും
1490393
Saturday, December 28, 2024 4:47 AM IST
കോട്ടയം: കിടപ്പുരോഗികളെയും മാറാരോഗത്തിന് അടിപ്പെട്ടവരെയും അവരുടെ വീടുകളില്‍ ചെന്നു പരിചരിക്കുന്ന സാന്ത്വന സംവിധാനമായ പാലിയേറ്റീവ് കെയർ വോളണ്ടിയര്‍മാരുടെ സംസ്ഥാനസമ്മേളനം ഇന്നും നാളെയും ഇന്ത്യന്‍ അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയര്‍ കേരളയുടെ ആഭിമുഖ്യത്തില്‍ പാമ്പാടി ദയറയില്‍ നടക്കും.
700ലധികം പാലിയേറ്റീവ് കെയറുകളെ പ്രതിനിധീകരിച്ച് ആയിരത്തിലധികം പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കും. ഇന്നു വൈകുന്നേരം 6.30നു പൊതുസമ്മേളനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ചാണ്ടി ഉമ്മന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. മന്ത്രി വി. എന്‍. വാസവന് മുഖ്യപ്രഭാഷണം നടത്തും. യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത, പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി, മീനടം പഞ്ചായത്ത് പ്രസിഡന്റ് മോനിച്ചന് കിഴക്കേടം, ഡിപിഎം ഡോ. വ്യാസ് സുകുമാരന്‍ എന്നിവര്‍ പ്രസംഗിക്കും.
രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ 13 സെഷനുകളിലായി വിവിധ വിഷയങ്ങളില്‍ ഐഎപിസി സംസ്ഥാന പ്രസിഡന്റ് പ്രദീപ് കൂറ്റനാട്, സംസ്ഥാന സെക്രട്ടറി അബ്ദുല്‍ കരീം, ഡോ. മാത്യൂസ് നമ്പേലി, ഡോ. എം.ആര്. രാജഗോപാല്‍ (പാലിയം ഇന്ത്യ) ഡോ. ദിവാകരന് (ഐപിസി തൃശൂര്‍)
ഡോ. സൈറു ഫിലിപ്പ് (പ്രിന്‍സിപ്പല്‍ പരിയാരം മെഡിക്കല്‍ കോളജ് കണ്ണൂര്‍), ഡോ. അനില്‍ പാലേരി, ഡോ. ഹരിപ്രസാദ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ അധികരിച്ചു ക്ലാസുകള്‍ നയിക്കും. ഐഎപിസി കേരളയുടെ 2023-24 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡിയും ഇതിനോട് അനുബന്ധിച്ചു ചേരും.