സന്തോഷിന്റെ ചികിത്സയ്ക്ക് നാട് ഒന്നിക്കുന്നു
1490391
Saturday, December 28, 2024 4:47 AM IST
മാന്നാർ: ഇരുവൃക്കകളും തകരാറിലായ സന്തോഷിനുവേണ്ടി നാട് ഒന്നിക്കുന്നു. മാന്നാർ കുട്ടംപേരൂർ കിഴക്കേക്കാട്ടിൽ മോഹനന്റെയും തങ്കമണിയുടെയും മകൻ സന്തോഷി(43)ന്റെ വൃക്ക മാറ്റിവയ്ക്കുന്നതിനായുള്ള ധനസമാഹരണത്തിനായിട്ടാണ് നാട് ഒന്നിക്കുന്നത്. ഇതിനായി ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു.
മാന്നാർ വില്ലേജിലെ 11 വാർഡുകളിൽ 29ന് ഭവനസന്ദർശനം നടത്തും. ഇരുവൃക്കകളും തകരാറിലായതിനെതുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി ചികിത്സയിൽ കഴിയുന്ന സന്തോഷിന് ഭാര്യ സൗമ്യ വൃക്ക നൽകുമെങ്കിലും ശസ്ത്രക്രിയയ്ക്കും ചികിത്സാ ചെലവിനുമായി 20 ലക്ഷത്തിലധികം രൂപ വേണ്ടിവരും.
ഇത് ഈ നിർധന കുടുംബത്തിന് താങ്ങാൻ പറ്റാതെ വന്നതോടെയാണ് വിവിധ രാഷ്ട്രീയ സാമൂഹിക മേഖലയിലെ നേതാക്കളും ജനപ്രതിനിധികളും ചേർന്ന് ചികിത്സാസഹായ കമ്മിറ്റിക്ക് രൂപം നൽകിയത്.
സഹായ കമ്മിറ്റി ചെയർപേഴ്സൺ മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി, കൺവീനർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബി.കെ. പ്രസാദ്, മാന്നാർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.ആർ. ശിവപ്രസാദ് പഞ്ചായത്തംഗം സജു തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് കമ്മിറ്റി പ്രവർത്തിക്കുന്നത്. 29ന് ഭവനസന്ദർശനം നടത്തുന്നതായുള്ള നോട്ടീസ് എല്ലാ വീടുകളിലും എത്തിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു.