കരപ്പുറം കാഴ്ച-2024 : കൂണുകളുടെ ലോകം തുറന്ന് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്
1489963
Wednesday, December 25, 2024 5:17 AM IST
ആലപ്പുഴ: ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് മൈതാനത്ത് നടക്കുന്ന കരപ്പുറം കാര്‍ഷിക കാഴ്ചകള്‍-2024 നോട് അനുബന്ധിച്ച് സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് സ്റ്റാളില്‍ ഒരുക്കിയ കൂണ്‍ഗ്രാമം ശ്രദ്ധേയമായി. മനസിനും ശരീരത്തിനും ഒരുപോലെ ആരോഗ്യവും ഉന്മേഷവും നല്കുന്ന കൂണിന്റെ ഗുണമേന്മയും ആവശ്യകതയും മനസിലാക്കുന്ന തരത്തിലാണ് കൂണുകളുടെ വിശാലമായ ലോകം സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നത്.
ചിപ്പിക്കൂണുകളും പാല്കൂണുകളും ബട്ടണ്‍ കുണുകളും മാത്രം കണ്ടു പരിചയമുള്ള നമ്മുടെ മുന്നിലേക്ക് റീഷി, മെടാക്കി, കോര്‍ഡി സെപ്സ്, ഷിറ്റാക്കെ, ടര്‍ക്കി ടെയില്‍, ലയണ്‍സ് മേനെ, ഷാന്‍ ടെറല്‍ തുടങ്ങി നിരവധി ഇനം കൂണുകളെ അറിയാനും മനസിലാക്കാനുമുള്ള അവസരമാണ് സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നത്.
കൂണുകളില്നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളായ കൂണ് അച്ചാര്‍, കൂണ് ചമ്മന്തിപ്പൊടി, കൂണ് പൗഡര്‍ തുടങ്ങിയവയൊക്കെ വില്പ്പനയ്ക്കുമുണ്ട്. ഹൈടെക് മഷ്റൂം ഫാമിന്റെയും കമ്പോസ്റ്റ് യൂണിറ്റിന്റെയും മാതൃകയും പ്രദര്‍ശനത്തിലുണ്ട്. കൂടാതെ പെല്ലറ്റുകള്‍, മഷ്റൂം കിറ്റുകള്‍, മഷ്റൂം സെല്‍ഫി പോയിന്റുകള്‍ എന്നിവയും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. രാഹുല്‍, ശ്രീകാന്ത്, ആദം എന്നിവരാണ് ഈ കൂണ് സൃഷ്ടികളുടെ പിന്നില്‍.