വിഷദ്രാവകം ബലമായി മണപ്പിച്ചു; വിദ്യാര്‍ഥി ആശുപത്രിയില്‍
1489948
Wednesday, December 25, 2024 5:08 AM IST
ആലപ്പുഴ: ബലമായി വിഷദ്രാവകം മണപ്പിച്ചതിനെത്തുടര്‍ന്ന്, 12 വയസുകാരൻ ചികിത്സയില്‍. ആറാം ക്ലാസ് വിദ്യാര്‍ഥിയെയാണ് സംഘം ചേര്‍ന്ന് യുവാക്കള്‍ ദ്രാവകം മണപ്പിച്ചതായി പരാതി ഉയര്‍ന്നത്. ആലപ്പുഴ സ്റ്റേഡിയം വാര്‍ഡില്‍ സുല്‍ഫിക്കറിന്റെ 12 കാരനായ മകനാണ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ആലപ്പുഴ ബീച്ചിനു സമീപത്തെ കളി സ്ഥലത്തുനിന്നു വൈകിട്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കൂട്ടംകൂടി നിന്ന യുവാക്കളുടെ സംഘം പിന്തുടര്ന്ന് ബലം പ്രയോഗിച്ച് കുപ്പിയില്‍ ഉണ്ടായിരുന്ന ദ്രാവകം മണപ്പിച്ചതായാണ് പരാതി.
ഇതേത്തുടര്‍ന്ന് കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുകയും തുടര്‍ന്ന് ആലപ്പുഴ കടപ്പുറം ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയുമായിരുന്നു.
വിദ്യാര്‍ഥി ഐസിയുവില്‍ ചികിത്സയിലാണ്. പിതാവ് സുല്‍ഫിക്കര്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.