ക്രിസ്മസ് ആത്മദാനത്തിന്റെ ഓർമ: ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്
1489955
Wednesday, December 25, 2024 5:08 AM IST
മാവേലിക്കര: അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം. ദൈവത്തിനു മനുഷ്യരോടുള്ള ഉള്ളടുപ്പത്തിന്റെ ഓർമയുണർത്തിക്കൊണ്ട് ഒരിക്കൽക്കൂടി ക്രിസ്മസ് സമാഗതമായി.
ദൈവസ്നേഹം മനുഷ്യാവതാരം ചെയ്തതിന്റെയും ദൈവകാരുണ്യം മനുഷ്യരുടെയിടയിൽ കൂടാരമടിച്ചതിന്റെയും സദ്വാർത്തയുമായി തിരുപ്പിറവി അനുസ്മരിക്കപ്പെടുമ്പോൾ, മനുഷ്യരായ നാം കൂടുതൽ നന്ദിയുള്ളവരും നന്മയുള്ളവരുമായി മാറണമെന്ന് നമ്മെ ഓർമപ്പെടുത്തുന്ന സമയമായി ഇത് മാറുന്നു.
ക്രിസ്മസ്, ദൈവത്തിന്റെ പങ്കുവയ്ക്കലിന്റെ സ്മരണയുണർത്തുന്ന തിരുനാളാണ്. മനുഷ്യരോടുള്ള ഉള്ളടുപ്പത്തിന്റെ പേരിൽ തന്റെ ഉള്ളും ഉള്ളതും പങ്കുവച്ച ദൈവത്തിന്റെ സ്നേഹഗാഥയാണ് തിരുപ്പിറവി.
തന്നിൽ വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുവാൻ വേണ്ടി തന്റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്ര മാത്രം സ്നേഹിച്ചതിന്റെ രക്ഷാ ചരിത്രമാണല്ലോ മനുഷ്യാവതാരം നമ്മോടു പറയുന്നത്.
സ്വയം നൽകുന്ന സ്നേഹമാണ് ഏറ്റവും മഹത്തായ സ്നേഹമെന്നാണ് ക്രിസ്തു നമ്മെ പഠിപ്പിച്ചത്. അവിടുന്ന് മനുഷ്യനായതും ദൈവത്തോടുള്ള സമാനത വെടിഞ്ഞതും ദാസനായതും ദാരിദ്ര്യത്തെ പുല്കിയതുമെല്ലാം ഈ ആത്മദാനത്തിന്റെ സ്നേഹം നമുക്ക് അനുഭവവേദ്യമാക്കാൻ വേണ്ടിയായിരുന്നു. കൊടുക്കുകയും പങ്കുവയ്ക്കുകയുമാണ് ദൈവത്തിന്റെ സ്വഭാവമെന്നു ക്രിസ്മസ് നമ്മെ ഓർമപ്പെടുത്തുകയാണ്.
എല്ലാ അർഥത്തിലും സ്വരുക്കൂട്ടുകയും സ്വന്തമാക്കുകയും ചെയ്യാൻ മനുഷ്യർ വെമ്പൽ കൊള്ളുമ്പോൾ, കൊടുക്കുകയും പങ്കിടുകയുമാണ് മഹനീയമെന്നു മനുഷ്യാവതാരത്തിലൂടെ ദൈവം നമുക്ക് പറഞ്ഞു തരുന്നു. അവിടുത്തെപ്പോലെ ഈ ഒരു ആത്മദാനത്തിലേക്കു വളരാൻ ക്രിസ്മസ് ആഘോഷം നമ്മെ പ്രേരിപ്പിക്കണം.
തരിക എന്ന സ്വാഭാവിക മനുഷ്യചിന്തയിൽ നിന്നും സ്വഭാവത്തിൽ നിന്നും കൊടുക്കുക എന്ന ദൈവിക സ്വഭാവത്തിലേക്കു മാറുമ്പോഴാണ്, നമ്മിലും തിരുപ്പിറവി ഒരു യാഥാർഥ്യമായിത്തീരുകയുള്ളു. അപ്പോൾ മാത്രമേ, ക്രിസ്തു നമ്മുടെ ഹൃദയമാകുന്ന പുല്ക്കൂട്ടിൽ ജനിക്കുകയുള്ളൂ.
ക്രിസ്തു നമ്മോടു പങ്കുവച്ച കാര്യങ്ങളിൽ ഏറ്റവും സുപ്രധാനമായതു അവിടുത്തെ സമാധാനമാണ്. മനുഷ്യരുടെ ഹൃദയങ്ങളിൽ ശാശ്വതമായ സമാധാനം പുനഃസ്ഥാപിക്കുവാനാണ് യേശുനാഥൻ വന്നത്.
കാലിത്തൊഴുത്തിൽ സമാധാനത്തിന്റെ രാജാവായി പിറവിയെടുക്കുന്ന യേശുനാഥൻ പിന്നീട് തന്റെ പരസ്യ ജീവിതകാലത്ത് പറഞ്ഞു പഠിപ്പിച്ചതും സമാധാനം നിങ്ങളോടു കൂടെ എന്നാണ്.
മനുഷ്യമക്കളുടെ എല്ലാവിധ ഭയപ്പാടുകളുടെ മേലും ഉയർന്നു നിന്ന്, ഭയപ്പെടേണ്ട സമാധാനം നിങ്ങളോടുകൂടെ എന്നു പറഞ്ഞ് പഠിപ്പിക്കുന്ന ഗുരുനാഥനെയാണ് സുവിശേഷങ്ങളിൽ നാം കണ്ടെത്തുന്നത്.
ലളിതമെങ്കിലും യേശുനാഥൻ നല്കുന്ന സമാധാനത്തിന്റെ സന്ദേശത്തെ ആഴത്തിൽ മനസിലാക്കേണ്ടതുണ്ട്.മനുഷ്യജീവിതത്തിന്റെ ബാഹ്യമായ സന്തുലനാവസ്ഥയും സ്വസ്ഥതയും നിലനിർത്താനാവുക എന്നതിലുപരി ആന്തരികവും സമഗ്രവുമായ അർഥവ്യാപ്തി അവിടുന്നു നല്കുന്ന സമാധാന സന്ദേശത്തിൽ നിറഞ്ഞു നില്ക്കുന്നുണ്ട്.
പ്രശ്ന സങ്കീർണമായ വർത്തമാനകാലത്തിൽ സമാധാനവും സ്നേഹ സന്ദേശവുമായി ബെത്ലഹേമിലെ ദിവ്യശിശു കടന്നുവരുന്നു. ഒരുക്കത്തോടെ ദിവ്യരക്ഷകനെ നമുക്ക് വരവേൽക്കാം.