ചക്കുളത്തുകാവിൽ തിരുവാഭരണ ഘോഷയാത്ര നാളെ
1489950
Wednesday, December 25, 2024 5:08 AM IST
എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്ര നാളെ നടക്കും. ഉച്ചകഴിഞ്ഞ് 3 ന് ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരിയുടെ നേത്യത്വത്തിൽ തിരുവല്ല കാവുംഭാഗം തിരുഏറങ്കാവ് ശ്രീഭഗവതി ക്ഷേത്രത്തിൽനിന്നു തിരുവാഭരണ ഘോഷയാത്ര ആരംഭിക്കും.
കൊട്ടും കുരവയും താലപ്പൊലിയുടെയും വാദ്യോപകരണങ്ങളുടേയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ ചക്കുളത്തമ്മയെ ചാർത്താനുള്ള തങ്ക തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര രാത്രി ഒന്പതിന് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേരും.
ക്ഷേത്ര മുഖ്യ കാര്യദർശി രാധാക്യഷ്ണൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത് ബി. നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ 9.30ന് മംഗളാരതി സമർപ്പണവും തുടർന്ന് തിരുവാഭരണം ചാർത്തി സർവമംഗളാരതി ദീപാരാധന നടക്കും.
കാവുംഭാഗം, മണിപ്പുഴ, പൊടിയാടി, വൈക്കത്തില്ലം, നെടുംമ്പ്രം, നീരേറ്റുപുറം ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ തിരുവാഭരണ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകും.
സമാപന ദിവസമായ 27 ന് രാവിലെ 9 ന് ആനപ്രമ്പാൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്ന് കാവടി, കരകം, ആനപ്രമ്പാൽ മുത്താരമ്മൻ കോവിലിൽ നിന്ന് എണ്ണക്കുടം വരവ് എന്നിവ നടക്കും. 11.30 ന് ചക്കരക്കുളത്തിൽ ആറാട്ടും തൃക്കൊടിയിറക്കവും തുടർന്ന് മഞ്ഞനീരാട്ടും നടക്കും. വൈകിട്ട് 7 ന് താലപ്പൊലി ഘോഷയാത്രയും 7.30 ന് നൃത്തസന്ധ്യയും നടക്കും.
മീഡിയ കൺവീനർ അജിത്ത് കുമാർ പിഷാരത്ത്, ഉത്സവ കമ്മിറ്റി പ്രസിഡന്റ് എം.പി രാജീവ്, സെക്രട്ടറി പി.കെ. സ്വാമിനാഥൻ, കെ.എസ്. ബിനു എന്നിവർ നേത്യത്വം നൽകും.