താറാവ് കർഷകർക്ക് നഷ്ടപരിഹാരം നൽകാതെ സർക്കാർ
1489947
Wednesday, December 25, 2024 5:08 AM IST
ആലപ്പുഴ: പക്ഷിപ്പനി വ്യാപനം തടയാൻ കള്ളിംഗിന് വിധേയമാക്കിയ താറാവുകൾക്കുള്ള നഷ്ടപരിഹാരം ക്രിസ്മസ്കാലത്തും ലഭിക്കാത്തത് കർഷകരെ ദുരിതത്തിലാക്കുന്നു. ഏപ്രിൽ മുതൽ വിവിധ ഘട്ടങ്ങളിലായി കോഴിയും താറാവും കാടയും ഉൾപ്പെടെ ജില്ലയിൽ 3,52,851ലധികം പക്ഷികളെയാണ് കൊന്നൊടുക്കിയത്. രോഗം ബാധിച്ച് 1,23,640 പക്ഷികൾ ചത്തിരുന്നു.
ഇതിനുള്ള നഷ്ടപരിഹാരമായി 780ലധികം കർഷകർക്ക് 2,95,840 രൂപയാണ് കിട്ടാനുള്ളത്. ഇതിൽ കള്ളിംഗിൽ 2.5കോടിയും ചത്തതിന് 45,85,000 രൂപയുമാണ് നൽകേണ്ടത്. നശിപ്പിച്ച മുട്ടയുടെ വില വേറെയും. ഇതിന്റെ വില തിട്ടപ്പെടുത്തിവരുന്നതേയുള്ളു.
ഈസ്റ്റർ, ക്രിസ്മസ്, പുതുവത്സരം വിപണി മുന്നിൽ കണ്ടാണ് താറാവുകളെ വളർത്തുന്നത്. ഏപ്രിൽ മുതൽ പക്ഷിപ്പനി വ്യാപകമായതോടെ 31 വരെ നിലനിൽക്കുന്ന താറാവിന്റെ ഉത്പാദനവും വിപണവും സംബന്ധിച്ച നിരോധനം അടുത്തവർഷത്തെ ഈസ്റ്റർ കച്ചവടത്തെയും ബാധിക്കും.
വിതരണം സംബന്ധിച്ച് വ്യക്തമായ ഒരു അറിയിപ്പും മൃഗസംരക്ഷണ വകുപ്പിൽ നിന്ന് കർഷകർക്ക് ലഭിച്ചിട്ടില്ല. കള്ളിംഗ് നടത്തിയ കോഴി, താറാവുകളുടെ നഷ്ടപരിഹാരത്തുക അനുവദിക്കാത്തതാണ് വിതരണം വൈകാൻ കാരണം. ഈ സീസണിൽ മാത്രം 1,69,504 താറാവുകളും 99,147 കോഴികളും 2,07,840 കാടകളെയുമാണ് കൊന്നൊടുക്കിയത്.
മറ്റ് പക്ഷികളായ 600 എണ്ണം വേറെയും. 60 ദിവസം പ്രായമായ താറാവിന് 100 രൂപയും അതിന് മുകളിലുള്ളവയ്ക്ക് 200 രൂപയുമാണ് നഷ്ടപരിഹാരമായി നൽകുന്നത്. വളർത്തുന്നതിനാവശ്യമായ തീറ്റയ്ക്കും വാക്സിനും വില കൂടിയതിനാൽ നഷ്ടപരിഹാരത്തുക 60 ദിവസം പ്രായമായ താറാവിന് 150 ഉം അതിന് മുകളിലുള്ളവയ്ക്ക് 300ഉം രൂപയാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
ഫണ്ടില്ല,അവ്യക്തത തുടരുന്നു
നഷ്ടപരിഹാരത്തിന്റെ 50 ശതമാനം വീതം സംസ്ഥാനവും കേന്ദ്രവുമാണ് വഹിക്കേണ്ടത്. കേന്ദ്രസർക്കാരിന്റെ വിഹിതമായ മൂന്നുകോടി രൂപ ലഭിച്ചു. സംസ്ഥാന വിഹിതത്തിനുള്ള ഫണ്ട് അനുവദിച്ചിട്ടില്ല. കള്ളിംഗിന് വിധേയമാകുന്ന എല്ലാ വിഭാഗം പക്ഷികൾക്കും നഷ്ടപരിഹാരം നൽകാൻ 2014ൽ തീരുമാനം. 2016വരെ അത് പാലിച്ചു.
കോഴി, താറാവ്, മുട്ട എന്നിവയ്ക്ക് മാത്രമാണ് നിലവിൽ നഷ്ടപരിഹാരം നൽകുന്നത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം കാട, ടർക്കി, ഗിനി, വാത്ത, പ്രാവ് തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ല. ഇത് കർഷകരെ സാമ്പത്തിക പ്രതിസന്ധിയിലാക്കി.
വളർത്തുപക്ഷികൾക്ക് നിരോധനം ഏർപ്പെടുത്തിയ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകർക്കായി പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് നടപ്പാക്കണം.
കേന്ദ്രവിഹിതമായ 3 കോടി കിട്ടിയിട്ടും സംസ്ഥാന സർക്കാർ വിഹിതം ചേർത്ത് നഷ്ടപരിഹാരം നൽകാൻ സംസ്ഥാനം അനുവദിക്കാത്തത് കർഷകരെ വെല്ലുവിളിക്കുന്നതിന് തുല്യമെന്ന് ഐക്യതാറാവ് കർഷകസംഘം പ്രസിഡന്റെ അഡ്വ. ബി.രാജശേഖരൻ പറഞ്ഞു.