ഭിന്നശേഷി സൗഹൃദത്തിന് നന്മയുടെ മാതൃക; സേതുനാഥിന് ഇത് ക്രിസ്മസ് സമ്മാനം
1489954
Wednesday, December 25, 2024 5:08 AM IST
ചാരുംമൂട്: സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങളാണ് മാവേലിക്കര ആർടി ഓഫീസിനെ എന്നും വേറിട്ട് നിർത്തുന്നത്. സംസ്ഥാനത്തെ മികച്ച ഭിന്നശേഷി സൗഹൃദ ഓഫീസായി തെരഞ്ഞെടുക്കപ്പെട്ട മാവേലിക്കര ജോയിന്റ് ആർടി ഓഫീസ് മറ്റൊരു കാരുണ്യ പ്രവർത്തനത്തിനും പ്രശംസ നേടിയിരിക്കുകയാണ്.
രാജ്യാന്തര ഭിന്നശേഷി ദിനത്തിൽ മാവേലിക്കര ജോയിന്റ് ആർടിഒ ഓഫീസിന് ലഭിച്ച അവാർഡ് തുകയായ 25,000 രൂപ ഭിന്നശേഷിക്കാരനായ ലോട്ടറി വ്യാപാരി നൂറനാട് ഇടക്കുന്നം തുണ്ടിൽ സേതുനാഥിന് (48) സമ്മാനിച്ചാണ് നന്മയുടെ മാതൃ ക കാട്ടിയത്. സേതുനാഥിന് ഇത് ക്രിസ്മസ് സമ്മാനമായി.
പുരസ്കാര തുക ഭിന്നശേഷി സൗഹാർദ പ്രവർത്തനത്തിന് നീക്കിവയ്ക്കണമെന്ന് മാവേലിക്കര ആർടി ഓഫീസിലെ ജീവനക്കാരുടെ കൂട്ടായ്മ തീരുമാനിക്കുകയായിരുന്നു. അർഹരായ വ്യക്തിയെ കണ്ടെത്തി തുക സമ്മാനിക്കാൻ ഗതാഗതി മന്ത്രി ഗണേഷ് കുമാർ നിർദേശിച്ചു.
തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ചാരുംമൂട് ജംഗ്ഷനിലും പരിസരത്തും ലോട്ടറി വ്യാപാരം നടത്തുന്ന ഭിന്നശേഷിക്കാരനായ സേതുനാഥിനെ കണ്ടെത്തിയത്. ലോട്ടറി വ്യാപാരത്തിലൂടെ കിട്ടുന്ന തുച്ഛമായ തുക ഉപയോഗിച്ചാണ് സേതുനാഥും അമ്മ ഉൾപ്പെടെയുള്ളവർ ജീവിക്കുന്നത്.
സേതുവിന്റെ അവസ്ഥ അറിഞ്ഞപ്പോൾ മന്ത്രി നേരിട്ട് എത്തി തുക കൈമാറാമെന്ന് അറിയിച്ചു. ചാരുംമൂട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ മന്ത്രി ഗണേഷ് കുമാർ എം.എസ്. അരുൺകുമാർ എംഎൽഎയുടെ സാന്നിധ്യത്തിൽ തുക കൈമാറി. ക്രിസ്മസ് സന്തോഷം പങ്കിട്ട് സേതുനാഥിന് കേക്ക് നൽകാനും മന്ത്രി മറന്നില്ല.
മാവേലിക്കര ഓഫിസിലെ ജീവനക്കാരുടെ കൂട്ടായ ശ്രമഫലമാണ് അവാർഡിനു കാരണമെന്നും ജനകീയമായ ഇത്തരം പ്രവർത്തനങ്ങൾ തുടരണമെന്നും മന്ത്രി പറഞ്ഞു. ജോയിന്റ് ആർടിഒ എം. ജി. മനോജ് ഉൾപ്പെടെയുള്ള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.