കനാല്‍ ഫെസ്റ്റ്: ഒരുക്കങ്ങൾ പൂർത്തിയായി
1489956
Wednesday, December 25, 2024 5:08 AM IST
ചേര്‍ത്തല: കനാല്‍ ഫെസ്റ്റിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നഗരത്തിലെ കനാലുകള്‍ വീണ്ടെടുക്കുന്നതിനുള്ള ജനകീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കനാല്‍ മേളയൊരുക്കുന്നത്. 27 മുതല്‍ 31വരെ ടിബി കനാലോരത്താണ് പരിപാടികള്‍. നഗരസഭയുടെ നേതൃത്വത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും വ്യാപാരി സമൂഹത്തിന്റെയും സംഘടനകളുടെയും സഹകരണത്തിലാണ് ഫെസ്റ്റ് ഒരുക്കുന്നത്. നഗരസഭയുടെ ചരിത്രത്തിലാദ്യമായി നടക്കുന്ന മേള ആകര്‍ഷകമാക്കുന്നതിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.
27നു തുടങ്ങി പുതുവത്സരാഘോഷത്തോടെയുള്ള സമാപനമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. എല്ലാ മേഖലയില്‍നിന്നും മേളയുടെ വിജയത്തിനായുള്ള വലിയ പിന്തുണയാണു ലഭിക്കുന്നതെന്ന് ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്ഗവന്, വൈസ് ചെയര്മാന് ടി.എസ്. അജയകുമാര്‍, സെക്രട്ടറി ടി.കെ. സുജിത്ത്, വി.ടി. ജോസഫ്, പി.ഷാജിമോന്‍, ബി. ഭാസി, അഭിലാഷ് മാപ്പറമ്പില്‍, എ.എസ്. സാബു, ശോഭാജോഷി, ജി.രഞ്ജിത്ത്, ഏലിക്കുട്ടി ജോണ്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കലാപരിപാടികള്‍ക്കൊപ്പം ഭക്ഷ്യമേളയടക്കം ഒരുക്കുന്നുണ്ട്.
കഴിഞ്ഞമാസം അയ്യായിരത്തോളം ജനങ്ങള്‍ അണിനിരന്ന കനാല്‍ ശുചീകരണം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മേള.
മേളയുടെ വിളംബരമായി ചൊവ്വാഴ്ച വൈകിട്ട് കനാലിന്റെ അഞ്ചുകിലോമീറ്റര്‍ പരിധിയില്‍ ദീപം തെളിച്ചു. നാളെ പന്തല്‍ കാല്‍നാട്ടുകര്‍മം എസ്എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡംഗം പ്രീതി നടേശന് നിര്‍വഹിക്കും. 27നു വൈകിട്ട് സാംസ്കാരിക ഘോഷയാത്രയോടെ തുടക്കമാകും. എഎസ്പി ഹരീഷ് ജയിന് ഫ്ളാഗോഫ് ചെയ്യും.
പ്രച്ഛന്നവേഷ മത്സരമടക്കമുണ്ടാകും. രാത്രി ഫ്യൂഷന്‍ തിരുവാതിര. 28നു വൈകിട്ട് കലാസന്ധ്യ പിന്നാക്ക വികസന കോര്പറേഷന് ചെയര്മാന് കെ. പ്രസാദ് ഉദ്ഘാടനം ചെയ്യും. 29ന് രാത്രി ഏഴിന് നാടന്‍പാട്ട് ദൃശ്യാവിഷ്കാരം.
30ന് വൈകിട്ട് മന്ത്രി പി.പ്രസാദ് മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഷേര്‍ളി ഭാര്ഗവന് അധ്യക്ഷയാകും. വയലാര്‍ ശരത്ചന്ദ്രവര്‍മ മുഖ്യാതിഥിയാകും. വ്യാപാര, വ്യവസായ പ്രതിഭകളെ ആദരിക്കും. 31ന് സമാപനം കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് പപ്പാഞ്ഞി കത്തിക്കല്‍, കരിമരുന്ന് പ്രയോഗം, പുതുവത്സര വരവേല്പ്. മേളയുടെ ഭാഗമായി നഗരത്തിലെ കനാലോരവും വ്യാപാര സ്ഥാപനങ്ങളുമെല്ലാം വൈദ്യുതിവിളക്കുകളാല്‍ അലങ്കരിക്കും.