മിനിബസും കാറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു; രണ്ടു പേര്‍ക്കു ഗുരുതര പരിക്ക്
1488653
Friday, December 20, 2024 7:22 AM IST
ചേര്‍ത്തല: ദേശീയപാതയില്‍ ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുസമീപം മിനിബസും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന സ്ത്രീ മരിച്ചു. കോടംതുരുത്ത് പഞ്ചായത്ത് 13-ാം വാര്‍ഡ് എഴുപുന്ന തെക്ക് പി.എസ്. കവല ചാലുങ്കല്തറ അശോകന്റെ ഭാര്യ അംബിക (60) യാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന മകള്‍ നിമ്മി (29), കാറോടിച്ചിരുന്ന ബന്ധു കോടംതുരുത്ത് മാതൃകാമന്ദിരത്തില്‍ അനുരാഗ് (28) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന മിനി ബസും ചേര്‍ത്തലയില്‍നിന്നും വടക്കോട്ടുപോകുകയായിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരുമെത്തി കാർ വെട്ടിപ്പൊളിച്ചാണ് മൂന്നുപേരെയും പുറത്തെത്തിച്ചത്.
ഉടന്‍തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അംബികയുടെ ജീവന് രക്ഷിക്കാനായില്ല. ഗുജറാത്തില്‍ നിന്നും തിരുവനന്തപുരത്തേക്കുപോകുകയായിരുന്നു മിനിബസ്. അപകടത്തില്‍ മിനിബസിലുണ്ടായിരുന്ന ഡ്രൈവര്‍ ഭാഗ്യരാജടക്കം ഏഴോളം പേര്‍ക്കും നിസാര പരിക്കേറ്റിട്ടുണ്ട്.
ഇവരും ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. ഗുജറാത്ത് സ്വദേശികളായ വിനോദസഞ്ചാരികളായിരുന്നു ബസില്‍. മകള്‍ നിമ്മിയെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ കാണിച്ച ശേഷം വീട്ടിലേക്കുമടങ്ങുമ്പോഴായിരുന്നു കാര്‍ അപകടത്തില്‍പ്പെട്ടത്. അംബിക കാറിന്റെ പിന്‍സീറ്റിലായിരുന്നു ഇരുന്നിരുന്നത്. അനുരാഗാണ് കാറോടിച്ചിരുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതിയറോഡും പഴയറോഡുമായി ചേരുന്ന ഭാഗത്തിനുസമീപമായിരുന്നു അപകടം. മിനിബസിലുണ്ടായിരുന്നവര് മറ്റൊരുവാഹനത്തില്‍ തിരുവനന്തപുരത്തേക്കു പോയി. ചേര്‍ത്തല പോലീസ് കേസ് എടുത്തു.