എന്തിനെന്നെ കള്ളനാക്കി! ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം: അന്വേഷണം പ്രഹസനമെന്ന് ബന്ധുക്കൾ
1488650
Friday, December 20, 2024 7:22 AM IST
ഹരിപ്പാട്: മോഷണാരോപണത്തെത്തുടർന്ന് ഗൃഹനാഥൻ തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ജില്ല പോലിസ് സൂപ്രണ്ടിന് ഉൾപ്പെ ടെ പരാതി നൽകിയിട്ടും അന്വേഷണം പ്രഹസനം മാത്രാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. മരണത്തിന് ഉത്തരവാദികളായവരെ പോലീസ് സംരക്ഷിക്കുകയാണെന്നും ഇവർ പറഞ്ഞു.
തൃക്കുന്നപ്പുഴ കിഴക്കേക്കര കറുകത്തറപ്പാട്ട് ബാബുവാണ് കഴിഞ്ഞ നവംബർ 11ന് തൂങ്ങിമരിച്ചത്. സമീപവാസിയായ വീട്ടമ്മയുടെ അഞ്ച് ഗ്രാം തൂക്കം വരുന്ന വള മോഷണം പോവുകയും ബാബുവാണ് മോഷണം നടത്തിയതെന്ന് ആരോപിച്ച് വീട്ടമ്മ തൃക്കുന്നപ്പുഴ പോലീസിൽ പരാതി നൽകുകയും ചെയ്തു. സ്വർണം നഷ്ടപ്പെട്ട വീട്ടുകാർ ഭർത്താവിനെ കള്ളനാക്കി ചിത്രീകരിക്കുകയും നാട്ടിലാകെ പ്രചരിപ്പിക്കുകയും ചെയ്തതായി ഭാര്യ യദുല ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു.
അപമാന ഭാരത്താൽ വീടിനു പുറത്തിറങ്ങാൻ കഴിയാതെ വന്നതിനെ തുടർന്ന് മനംനൊന്താണ് ഭർത്താവ് വീട്ടുവളപ്പിലെ മാവിൽ തൂങ്ങിമരിച്ചതെന്ന് പരാതിയിൽ പറയുന്നു. ആരോടും ഒരു തെറ്റും ചെയ്യിട്ടില്ലെന്നും എന്തിനാണ് എന്നെ അപമാനിച്ചതെന്നും രണ്ടു മക്കളാണെ സത്യം ഞാൻ ആരുടെയും ഒന്നും എടുത്തിട്ടില്ലെന്നും എഴുതിവച്ചതിനുശേഷമാണ് ബാബു ആത്മഹത്യ ചെയ്തത്.
മേസ്തിരി പണി ചെയ്തു കുടുംബം പോറ്റിയിരുന്ന ഭർത്താവിനെ അപമാനിച്ച് മരണത്തിലേക്ക് തള്ളിവിട്ടവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് യദുല പരാതിയിൽ ആവശ്യപ്പെടുന്നു. എസ്പിക്ക് പരാതി നൽകിയിട്ടും തൃക്കുന്നപ്പുഴ പോലീസ് അന്വേഷണം പ്രഹസനമാക്കി മാറ്റുകയാണെന്നും ബാബു എഴുതിയ ആത്മഹത്യാക്കുറിപ്പിലെ വിഷയങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്താൻ പോലീസ് തയാറാകുന്നില്ലെന്നും ഇവർ ആരോപിക്കുന്നു. വാർത്താസമ്മേളനത്തിൽ യദുല, ബന്ധുക്കളായ സുഹദേവ്, പ്രസന്ന, കൃഷ്ണമ്മ, ബിജി എന്നിവർ പങ്കെടുത്തു.