അരൂർ-തുറവൂർ ഉയരപ്പാതയുടെ 48 ശതമാനം നിർമാണം പൂർത്തിയായി
1488641
Friday, December 20, 2024 7:22 AM IST
തുറവൂർ: അരൂർ-തുറവൂർ ഉയരപ്പാതയുടെ 48 ശതമാനം നിർമാണം പൂർത്തിയായി. ഉയരപ്പാതയിൽ ആകെയുള്ള 354 തൂണിൽ 290 എണ്ണം പൂർത്തിയായി. തൂണുകൾക്കു മുകളിൽ ഇതുവരെ 702 ഗർഡറുൾ സ്ഥാപിച്ചു.
തുറവൂർ, കുത്തിയതോട്, എരമല്ലൂർ, ചന്തിരൂർ, അരൂർ എന്നിവിടങ്ങളിൽ ഗർഡറുകൾക്കു മുകളിൽ തട്ട് കോൺക്രീറ്റിംഗും തുടങ്ങി. തുറവൂർ ജംക്ഷനിൽനിന്നു വടക്കോട്ട് മൂന്നു കിലോമീറ്റർ ഭാഗത്ത് ഗർഡറുകൾ സ്ഥാപിച്ചതിൽ ഒന്നര കിലോമീറ്ററിലേറെ ഭാഗത്തെ കോൺക്രീറ്റിംഗ് പൂർത്തിയായി.
കോൺക്രീറ്റിനു മുകളിൽ മൂന്നു പാളികളായി രണ്ടര ഇഞ്ച് കനത്തിലാണു ടാർ ചെയ്യുക. മീഡിയനും വശങ്ങളിലെ സുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കാനുണ്ട്.
തൂണിനു മുകളിലെ തട്ട് കോൺക്രീറ്റിംഗ് ഭാഗങ്ങളിൽ തൂണുകൾക്കു താഴെ ഇരുമ്പ് ബാരിക്കേഡുകളും അഴിച്ചുമാറ്റി. തൂണുകൾക്കു മുകളിലെ റോഡിൽ മഴവെള്ളം കെട്ടി നിൽക്കാതിരിക്കാൻ ഓവുചാൽ പൈപ്പുകൾ സ്ഥാപിച്ച് വെള്ളം താഴേക്ക് ഒഴുക്കും.
താഴത്തെ നാലുവരിപ്പാതയുടെ ഇരുവശങ്ങളിലും നിർമിക്കുന്ന ഓടയിലേക്കാണു ഓവുചാൽ പൈപ്പുകൾ ബന്ധിപ്പിക്കുക. കേരളത്തിലെ ആദ്യ 10 വരി പാത അതിവേഗം പൂർത്തിയാകുകയാണ്.