അപേക്ഷകളും ആവലാതികളുമായി ഏഴു വര്‍ഷം; ഒരാഴ്ചകൊണ്ട് പരിഹാരം കണ്ട് ലീഗല്‍ സര്‍വീസ് അഥോറിറ്റി
1488157
Wednesday, December 18, 2024 7:44 AM IST
ഹരിപ്പാട്: ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്തതിന് ഒരു രൂപപോലും ശമ്പളം ലഭിച്ചില്ല. ഇതിനായി ഏഴു വര്‍ഷമായി മുട്ടാത്ത വാതിലുകളും ഉണ്ടായിരുന്നില്ല. ഒടുവില്‍ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി നടത്തിയ ദേശീയ ലോക് അദാലത്തില്‍ നല്കിയ പരാതിയെത്തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനിക്ക് ഒരാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ ശമ്പള കുടിശികയും ലഭിച്ചു.
മുട്ടം കണ്ണോലില്കളത്തില് പ്രിയ മേനോനാണ് പരാതിക്കാരി. ഇവര്‍ അമ്പലപ്പുഴ കാക്കാഴം ഗവ.എച്ച്എസില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപികയായി ജോലിക്ക് കയറുന്നത് 2018 സെപ്തംബറിലാണ്. പത്തോളം പേര് പങ്കെടുത്ത അഭിമുഖത്തില്‍ ഒന്നാമതായാണ് അധ്യാപിക തെരഞ്ഞെടുക്കപ്പെട്ടത്. ഒന്നര മാസത്തിനുശേഷം തസ്തികയില്‍ സ്ഥിരം അധ്യാപിക എത്തിയതോടെ പ്രിയയുടെ ജോലി അവസാനിച്ചു. എന്നാല്‍ എല്ലാ രേഖകളും നല്‍കിയിട്ടും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും യുവതിക്ക് ശമ്പളം ലഭിച്ചില്ല. പലതവണ സ്കൂളിലും ഡിഡി ഓഫീസിലും ബന്ധപ്പെട്ടെങ്കിലും നിഷേധാത്മകമായ നിലപാടാണ് ഇവര്‍ സ്വീകരിച്ചതെന്ന് പ്രിയ പറയുന്നു.
ഏറ്റവുമൊടുവില്‍ കാര്‍ത്തികപ്പള്ളി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി, ഇക്കഴിഞ്ഞ ശനിയാഴ്ച ഹരിപ്പാട് നടത്തിയ ദേശീയ ലോക് അദാലത്തില്‍ വിഷയം പരിഗണിച്ചു. അദാലത്തില്‍ ഹാജരാകാന്‍ ഡിഡി ഓഫീസര്‍ക്കും സ്കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും നോട്ടീസ് നല്‍കിയതോടെ വേണ്ടപ്പെട്ടര്‍ ഉണര്‍ന്നു. അദാലത്തിന് രണ്ടു ദിവസം മുമ്പ് പ്രിയയുടെ ബാങ്ക് അകൗണ്ടില്‍ മുഴുവന്‍ ശമ്പള കുടിശികയും എത്തി. ഡിഡി ഓഫീസില്‍നിന്നുള്ള ഉദ്യോഗസ്ഥനും സ്കൂള്‍ ഹെഡ്മാസ്റ്ററും അദാലത്തില്‍ ഹാജരായി അക്കാര്യം ബോധ്യപ്പെടുത്തി. ഗസ്റ്റ് അധ്യാപകരുടെ സേവന കാലയളവ് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിലെ അവ്യക്തതമൂലമാണ് ശമ്പളം ഇത്രയും വൈകിയതെന്നാണ് ഡിഡി ഓഫീസില്‍നിന്നുള്ള പ്രതിനിധി അദാലത്തില്‍ ബോധിപ്പിച്ചത്.
ജുഡീഷല്‍ ഓഫീസറായി റിട്ട. ജില്ലാ ജഡ്ജി ലംബോധരനും അഡ്വക്കേറ്റ് പ്രതിനിധി അഡ്വ. ജി.എന്‍. അനില്‍കുമാര്‍, പ്രസാദ് എന്നിവരടങ്ങിയ പാനലാണ് അദാലത്തില്‍ പരാതികള്‍ പരിഹരിച്ചത്. പൊതുജനങ്ങള്‍ക്ക് സൗജന്യവും വേഗത്തിലുമുള്ള പരാതി പരിഹാരത്തിന് ലീഗല്‍ സര്‍വീസ് അഥോറിറ്റി നടത്തിവരുന്ന നിയമ സേവനമാണ് ലോക് അദാലത്തുകള്‍.