യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ; അന്വേഷണം ആവശ്യപ്പെട്ട് മാതൃസഹോദരൻ
1488404
Thursday, December 19, 2024 7:55 AM IST
മാന്നാർ: ഉത്തർപ്രദേശിൽ മലയാളി യുവതി തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ദുരൂഹതയെന്നു ബന്ധുക്കൾ. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കും ബന്ധുക്കൾ പരാതി നൽകി.
കഴിഞ്ഞ 13നാണ് മാന്നാർ പാവുക്കര പുതുപ്പറമ്പിൽ പുന്നത്താഴെ നിഷാ നായരെ(39) തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മരണത്തിൽ സംശയം പ്രകടിപ്പിച്ചും അന്വേഷണം ആവശ്യപ്പെട്ടും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി സജി ചെറിയാനും മാതൃസഹോദരൻ മാന്നാർ പാവുക്കര പുതുപറമ്പിൽ പി.ജി. മണിക്കുട്ടനാണ് പരാതി നൽകിയത്.
ഉത്തർപ്രദേശിൽ സ്ഥിര താമസമാക്കിയ ചെറിയനാട് കുളിക്കാംപാലം എഴിയാത്തു തെക്കേതിൽ അജിത്കുമാർ നായരാണ് അവിടെത്തന്നെ അധ്യാപികയായിരുന്ന നിഷയെ വിവാഹം ചെയ്തത്. ഇവർക്ക് പത്തു വയസുള്ള ഒരു മകളും അഞ്ചു വയസുള്ള ഒരു മകനുമാണുള്ളത്. മുമ്പ് രണ്ട് വിവാഹങ്ങൾ കഴിച്ച അജിത്കുമാർ ഇക്കാര്യം മറച്ചുവച്ചാണ് നിഷയെ വിവാഹം ചെയ്തതെന്നും നിരന്തരം ശാരീരിക, മാനസിക പീഡനത്തിന് വിധേയമാക്കിയിരുന്നതായും ഭർത്താവിന്റെ മാതാപിതാക്കളും പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നതായും പരാതിയിൽ പറയുന്നു.
കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഇടപെടലിലാണ് മൃതദേഹം പോലും കാണാൻ നാട്ടിൽനിന്ന് എത്തിയവർക്ക് കഴിഞ്ഞതെന്ന് അവിടെയുള്ള നിഷയുടെ ബന്ധുക്കൾ പറഞ്ഞു.
നിഷയ്ക്ക് പത്തു വയസുള്ളപ്പോൾ അച്ഛൻ അരവിന്ദാക്ഷൻ നായരും അമ്മ അമ്മുക്കുട്ടി മൂന്നു വർഷം മുമ്പും മരിച്ചിരുന്നു. ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനങ്ങളും ഭീഷണികളും സഹിക്കവയ്യാതായപ്പോൾ ഈ മാസം12ന് നിഷ യുപി പോലീസിൽ പരാതി നൽകുകയും പോലീസ് വീട്ടിലെത്തി മൊഴിയെടുക്കുകും ചെയ്തിരുന്നു.
പോലീസ് വീട്ടിൽ എത്തിയതിൽ പ്രകോപിതരായ ഭർത്താവും മാതാപിതാക്കളും ചേർന്ന് വധഭീഷണി മുഴക്കിയിരുന്നതായി നിഷ നാട്ടിലുള്ള ചില ബന്ധുക്കളെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. അന്ന് രാത്രിയിലാണ് നിഷ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. രാത്രി 11.20 ന് താൻ നിഷയെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും അപ്പോഴൊന്നും ജീവനൊടുക്കുന്ന യാതൊരു സൂചനകളും ഉണ്ടായിട്ടില്ലെന്നും മണിക്കുട്ടൻ പരാതിയിൽ പറയുന്നു.
നിഷയുടെ മരണത്തെക്കുറിച്ചുള്ള സത്യസന്ധവും കാര്യക്ഷമവുമായ അന്വേഷണത്തിന് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് ഇടപെടലും നടപടികളും ഉണ്ടാവണമെന്നു പരാതിയിൽ പറയുന്നു. മന്ത്രി സജി ചെറിയാൻ മുഖേനയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.