കാറ്റാടിത്തണലും... കടൽക്കാറ്റും തേടി സഞ്ചാരികൾ
1488651
Friday, December 20, 2024 7:22 AM IST
അമ്പലപ്പുഴ: അറബിക്കടലിൽ നിന്ന് വീശിയടിക്കുന്ന കുളിർക്കാറ്റും കാറ്റാടി മരങ്ങളുടെ തണലും ആസ്വദിക്കാൻ അറപ്പപ്പൊഴി തീരത്തേക്കു സഞ്ചാരികൾ എത്തിത്തുടങ്ങി. പുന്നപ്ര വടക്ക് പഞ്ചായത്ത് തീരദേശ ഗ്രാമമായ കടൽത്തീരം ആലപ്പുഴ ബീച്ചിൽനിന്ന് ഏകദേശം നാലു കിലോമീറ്റർ മാറിയാണ് സ്ഥിതി ചെയ്യുന്നത്.
പൊഴിയിൽ കഴിഞ്ഞ രണ്ടു വർഷമായി നടന്ന പൊന്തു തുഴയൽ വള്ളംകളി മത്സരത്തോടെയാണ് പ്രദേശം കൂടുതൽ ശ്രദ്ധയാകർഷിച്ചത്. വിവാഹ ആൽബം ഷൂട്ടിംഗും കുട്ടികളുടെ ബർത്ത്ഡേ ആഘോഷ ച്ചടങ്ങുകൾ നടത്താനും ഏറെ അകലത്തിൽനിന്നു പോലും കുടുംബങ്ങൾ എത്തിയതോടെ പൊഴിമുഖത്തിന്റെ മുഖഛായ തന്നെ മാറി.
ഇപ്പോൾ സായഹ്നങ്ങളിൽ ദീപാലംകൃതമായ നിരവധി കടകളും പ്രവർത്തിച്ചുതുടങ്ങി. വരുന്ന ക്രിസ്മസ് നാളുകളും പുതുവർഷ രാവുകളും തീരത്തെ ഉത്സവലഹരിയിലാക്കും. പോലീസിന്റെ ശ്രദ്ധയും കൂടുതലായുണ്ട്. ഏറെ ടൂറിസം സാധ്യതയുള്ള പൊഴിമുഖവും തീരവും സർക്കാർ ഏറ്റെടുത്തു സംരക്ഷിക്കണമെന്നാവശ്യവും ഉയരുകയാണ്.