ഭരണഭാഷാ വാരാഘോഷം: സമ്മാനങ്ങള്‍ വിതരണം ചെയ്തു
1488647
Friday, December 20, 2024 7:22 AM IST
ആലപ്പുഴ: മലയാളദിനം, ഭരണഭാഷാ വാരാചരണം എന്നിവയുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനവിതരണം ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് നിര്‍വഹിച്ചു. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുന്നതിനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണമെന്ന് കളക്ടര്‍ ജീവനക്കാരോട് പറഞ്ഞു.
ഭാഷാപരിചയ മത്സരത്തില്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ പി. തോമസ്, ജോണ്സണ് നൊറോണ, ജി. മഞ്ജുള, തര്‍ജമ മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ അരുണ്‍ ദാസ്, വി. ജ്യോതി രശ്മി, ആര്. സേതുനാഥ്, ഭാഷാ പ്രശ്നോത്തരിയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തിയ ടീമംഗങ്ങളായ എസ് പ്രദീപ്, ബേബി മാര്‍ഗററ്റ്, സി. രഞ്ജനാദേവി, എസ്. പ്രീതി, പി. തോമസ്, ലിസ് മേരി ജോസഫ് എന്നിവര്‍ ജില്ലാ കളക്ടറില്‍നിന്ന് ഫലകവും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി.
എഡിഎം ആശാ സി. ഏബ്രഹാം ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ്, ഹുസൂര്‍ ശിരസ്തദാര്‍ പ്രീത പ്രതാപന്, അസിസ്റ്റന്റ് എഡിറ്റര്‍ ടി.എ. യാസിര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, കളക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.