കളഞ്ഞുകിട്ടിയ സ്വർണാഭരണം തിരികെ നൽകി ഓട്ടോ ഡ്രൈവർ
1488392
Thursday, December 19, 2024 7:54 AM IST
മാന്നാർ: വഴിയിൽനിന്നു കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമസ്ഥനു തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. മാന്നാർ തൃക്കുരട്ടി ജംഗ്ഷൻ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കുരട്ടിക്കാട് മേടയിൽ മുഹമ്മദ് സിയാദാണ് വഴിയിൽ നിന്നു വീണുകിട്ടിയ നാലു ഗ്രാം തൂക്കം വരുന്ന സ്വർണച്ചെയിൻ ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏല്പിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ മകനെ മദ്രസയിൽ വിടാൻ ഓട്ടോയിൽ പോകുമ്പോഴാണ് വഴിയരികിൽ കിടന്ന സ്വർണച്ചെയിൻ സിയാദിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സാമൂഹ്യ പ്രവർത്തകൻ സജി കുട്ടപ്പനെ വിവരം അറിയിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവരം പരസ്യപ്പെടുത്തുകയുമായിരുന്നു.
ഇതറിഞ്ഞ ഉടമസ്ഥൻ തടിയൂർ സ്വദേശി അനൂപ്കുമാർ സിയാദിനെ ബന്ധപ്പെടുകയും ഇന്നലെ മാന്നാറിലെത്തി സ്വർണം കൈപ്പറ്റുകയുമായിരുന്നു.
ഓച്ചിറ ക്ഷേത്ര ദർശനത്തിന് പോകവേയാണ് സ്വർണ കൈച്ചെയിൻ നഷ്ടമായതെന്ന് അനൂപ് പറഞ്ഞു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് മെംബറും മാന്നാർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ അനിൽ എസ്. അമ്പിളി, തൃക്കുരട്ടി മഹാദേവ സേവാ സമിതി പ്രസിഡന്റ് കലാധരൻ കൈലാസം, സമിതിയംഗം അനിരുദ്ധൻ എന്നിവരുടെ സാന്നിധ്യത്തിൽ സിയാദ് ഉടമസ്ഥന് സ്വർണച്ചെയിൻ കൈമാറി.