കരപ്പുറം കാര്‍ഷിക കാഴ്ചകള്‍-2024: പ്രദര്‍ശനം നാളെമുതല്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സിൽ
1488389
Thursday, December 19, 2024 7:54 AM IST
ആലപ്പുഴ: ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് മൈതാനത്ത് നടക്കുന്ന കരപ്പുറം കാര്‍ഷിക കാഴ്ചകള്‍-2024 പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിര്‍വഹിക്കും. മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിക്കും.
ചേര്‍ത്തല തെക്ക് എസ് സി ബി 1344 മായത്തറ ബ്രാഞ്ചിന് സമീപത്തുനിന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിക്കുന്ന വര്‍ണാഭമായ ഘോഷയാത്രയോടെയാണ് പ്രദര്‍ശനത്തിന് തുടക്കം. കെ. സി. വേണുഗോപാല്‍ എംപി, എംഎല്‍എമാരായ പി. പി. ചിത്തരഞ്ജന്, ദലീമ ജോജോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ്, മുതിര്‍ന്ന കര്ഷകന് ആനന്ദന് അഞ്ചാതറ, കര്‍ഷത്തൊഴിലാളി വാസുദേവന്‍ അത്തിക്കാട്ട് എന്നിവര്‍ മുഖ്യാതിഥികളാവും.
വൈകുന്നേരം ആറിന് ശ്രീലക്ഷ്മി എസ്. കരുനാഗപ്പള്ളി അവതരിപ്പിക്കുന്ന ഭരതനാട്യം, കുച്ചിപ്പുടി എന്നിവ അരങ്ങേറും. 21 മുതല്‍ 29 വരെ വിവിധ വിഷയങ്ങളില്‍ കാര്‍ഷിക വികസന സെമിനാറുകള്‍, ബി ടു ബി മീറ്റ്, കൃഷി അനുഭവം പങ്കുവയ്ക്കല്‍, കലാപരിപാടികള്‍, സാഹിത്യ, കലാമല്‍സരങ്ങള്‍, ഡിപിആര്‍ ക്ലിനിക്ക്, മില്ലറ്റ്, കേക്ക് ഫെസ്റ്റ്, വെജിറ്റബിള്‍ കാര്‍വിംഗ് മല്‍സരം, കാര്‍ഷിക യന്ത്രേപകരണങ്ങുടെ സര്‍വീസ് ക്യാമ്പ്, കാര്‍ഷിക പ്രശ്നോത്തരി, ഗാനമേള എന്നിവ അരങ്ങേറും.