യൂത്ത് കോണ്‍ഗ്രസ് സമരരീതി പ്രാകൃതം: കെ.കെ. ജയമ്മ
1488154
Wednesday, December 18, 2024 7:44 AM IST
ആലപ്പുഴ: നഗരസഭ ആരോഗ്യവിഭാഗം സര്‍ക്കിള്‍ ഓഫീസ് അതിക്രമിച്ചു കയറി കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ഉദ്യോഗസ്ഥരുടെ ദേഹത്തും ലാപ്ടോപ്, ഫയല്‍ എന്നിവിടങ്ങളിലും മീന്‍ വലിച്ചെറിയുകയും ചെയ്ത യൂത്ത് കോണ്‍ഗ്രസ് സമരരീതി പ്രാകൃതവും അപരിഷ്കൃതവുമാണന്ന് നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ.
കഴിഞ്ഞ ദിവസം റോഡ് കൈയേറി കാല്‍നട യാത്രക്കാര്‍ക്കും വാഹനഗതാഗതത്തിനും തടസമാകുന്ന തരത്തില്‍ മീന്‍ വല കുടഞ്ഞ് കച്ചവടം ചെയ്തത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്ക്കെതിരേ തട്ടിക്കയറിയതിനെത്തുടര്‍ന്ന് ത്രാസ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് നഗര ചത്വരത്തിലെ സര്‍ക്കിള്‍ ഓഫീസില്‍ അതിക്രമിച്ചു കയറി സമരാഭാസം നടത്തിയത്.
നഗരത്തിന്റെ പല പ്രദേശങ്ങളിലും റോഡ് കൈയേറി യാത്രക്കാര്‍ക്ക് തടസമാകുംവിധം മീന്‍ വലകുടഞ്ഞുള്ള കച്ചവടത്തിനെതിരേ നിരവധി പരാതി വന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. ഓഫീസ് അതിക്രമിച്ചു കയറിയ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി പോലീസില്‍ പരാതി നല്കി.