കായംകുളത്ത് സിപിഎമ്മിൽ കസേരവിവാദം
1488386
Thursday, December 19, 2024 7:54 AM IST
കായംകുളം: ഏരിയ സമ്മേളനത്തോടെ വിഭാഗീയത ഇല്ലാതായെന്ന് നേതാക്കന്മാർ ഒറ്റക്കെട്ടായി പറയുകയും അണികൾ ഇതു കേട്ട് ആവേശം കൊള്ളുകയും ചെയ്ത കായംകുളത്തെ സിപിഎമ്മിൽ പുതിയ വിവാദങ്ങൾക്കു വഴിതുറന്ന് കസേരവിവാദം പുകയുന്നു. സ്ഥാനമൊഴിഞ്ഞ ഏരിയ സെക്രട്ടറി പുതിയ സെക്രട്ടറിക്ക് ഓഫീസും കസേരയും കൈമാറാൻ തയാറാകാത്തതാണു പാർട്ടിക്കുള്ളിൽ പുതിയ അസ്വാരസ്യങ്ങൾക്കു വഴിതുറക്കുന്നത്.
കഴിഞ്ഞ പതിമൂന്നിന് പുതിയ ഏരിയ സെക്രട്ടറിയെ തെരഞ്ഞെടുത്തെങ്കിലും ഒരാഴ്ച പിന്നിട്ടിട്ടും ഓഫീസിന്റെ താക്കോൽ കൈമാറാൻ മുൻ ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ തയാറായിട്ടില്ല. മാത്രമല്ല, ഓഫീസിൽ വരുമ്പോഴൊക്കെ ഏരിയ സെക്രട്ടറിയുടെ കസേരയിൽ ഇദ്ദേഹം ഇരിപ്പുറപ്പിക്കുന്നത് പാർട്ടി അണികൾക്കിടയിൽ മുറുമുറുപ്പിന് കാരണമായിട്ടുണ്ട്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഏരിയ സെക്രട്ടറി ബി. അബിൻഷാ ഏരിയ കമ്മിറ്റി ഓഫീസിൽ എത്തുമ്പോൾ സെക്രട്ടറിയുടെ മുറി പൂട്ടിയിട്ടിരിക്കുന്നതിനാൽ അകത്തു കടക്കാനാകാതെ ഹാളിലും മറ്റും ഇരിക്കേണ്ടിവരുന്ന സാഹചര്യമാണ്.
കുറച്ചു നാൾ കൂടി ഏരിയ സെക്രട്ടറി സ്ഥാനത്ത് തുടരാൻ അരവിന്ദാക്ഷൻ സമ്മേളനത്തിൽ ആവശ്യം ഉന്നയിച്ചെങ്കിലും ജില്ലാ നേതൃത്വം അംഗീകരിച്ചില്ല. മുൻ ഏരിയ സെക്രട്ടറിക്കെതിരേ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്നാണ് ജില്ലാ നേതൃത്വം പുതിയ ഏരിയ സെക്രട്ടറിയെ തെരഞ്ഞെടുക്കാൻ അംഗീകാരം നൽകിയത് . കസേര വിവാദം പാർട്ടിക്ക് തലവേദനയായതോടെ സംഭവമറിഞ്ഞ കായംകുളത്തുകാരനായ ജില്ലാ സെക്രട്ടേറിയറ്റ് അംഗം മുൻ ഏരിയ സെക്രട്ടറിയുടെ നിലപാടിനെതിരേ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചതായാണ് അറിയുന്നത്.
നഗരസഭയിലെ പല പ്രവൃത്തികൾക്കും ഓപ്പൺ കോൺട്രാക്ട് കൊടുക്കുന്ന സമയമായതിനാൽ മുൻ ഏരിയ സെക്രട്ടറി ഓഫീസ് വിട്ടുനൽകാത്തതിൽ ദുരൂഹത ഉണ്ടെന്നാണു പാർട്ടി അണികൾ ആരോപിക്കുന്നത്. നഗരസഭയിലെ പല പ്രവൃത്തികൾക്കും താത്കാലിക നിയമനങ്ങൾക്കുമായി എത്തുന്നവരെ മുൻ സെക്രട്ടറിയുടെ അടുത്തേക്ക് അദ്ദേഹത്തിന്റെ ഭാര്യകൂടിയായ നഗരസഭാ ചെയർപേഴ്സൺ പറഞ്ഞയക്കാറുണ്ടെന്നത് പരസ്യമായ രഹസ്യമായി അണികൾ സാമൂഹിക മാധ്യമങ്ങളിലൂടെ കുറ്റപ്പെടുത്തിയിരുന്നു.
സെക്രട്ടറി പദം ഒഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും ഇരിപ്പിടം വിട്ടുനൽകാതെ മുൻ സെക്രട്ടറി ഓഫീസ് കൈയാളുന്നതായാണ് സംസാരം. ഏതായാലും ഇന്നു ചേരുന്ന പുതിയ ഏരിയ കമ്മിറ്റിയിൽ വിഷയം ശക്തമായി ഉന്നയിക്കപ്പെടും എന്നാണറിയുന്നത്.