കായംകുളം താലൂക്കാശുപത്രിയിൽ രക്തസംഭരണ കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചു
1488396
Thursday, December 19, 2024 7:54 AM IST
കായംകുളം: താലൂക്കാശുപത്രിയിൽ ശസ്ത്രക്രിയാവേളയിൽ രോഗികൾക്ക് അടിയന്തരമായി രക്തം നൽകാൻ ലക്ഷ്യമിട്ട് ആരംഭിച്ച രക്തസംഭരണ കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചിട്ടു നടപടിയില്ല. പരിശീലനം ലഭിച്ച ജീവനക്കാർ സ്ഥലം മാറിപ്പോയതാണ് സംഭരണ കേന്ദ്രത്തിന്റെ പ്രവർത്തനം താറുമാറാകാൻ കാരണമെന്നാണ് പറയുന്നത്.
ആശുപത്രി അധികാരികളുടെ അനാസ്ഥയിൽ മൂന്ന് മാസമായി ബ്ലഡ് സ്റ്റോറേജ് സംവിധാനം പ്രവർത്തിക്കുന്നില്ല. ഇതുമൂലം രോഗികൾക്ക് രക്തം ആവശ്യമായിവരുന്ന സാഹചര്യത്തിൽ രോഗികളും ബന്ധുക്കളും വൻതുക കൊടുത്ത് സ്വകാര്യ ആശുപത്രികളെയും ലാബുകളെയും ആശ്രയിക്കേണ്ട ഗതികേടിലാണ്.
രക്തം ശേഖരിക്കുന്നതിന് കൃത്യമായ പരിശോധനകൾ നടത്താനുള്ള സംവിധാനങ്ങളും ഇവിടെയില്ല. ഫ്രീ സർ സംവിധാനവും തകരാറിലായതായി സൂചനയുണ്ട്.
അടിയന്തര ഘട്ടങ്ങളിൽ രോഗിക്ക് ആവശ്യമായ രക്തം ബ്ലഡ് സ്റ്റോറേജിൽനിന്ന് നൽകി പകരമായി ഏത് ഗ്രൂപ്പിലുള്ള രക്തം നൽകിയാലും മതിയെന്നാണ് വ്യവസ്ഥ. ഇത് രോഗികൾക്ക് ഏറെ ആശ്വാസകരമായിരുന്നു. സ്റ്റോറേജ് സംവിധാനം പ്രവർത്തിക്കാതായതോടെ രോഗികൾക്ക് ഇത്തരം സൗകര്യങ്ങളാണ് നഷ്ടമായത്. ഈ വിഭാഗത്തിൽ ജോലി ചെയ്തിരുന്നവർ മൂന്ന് മാസം മുമ്പ് സ്ഥലം മാറി പോയതോടെ പരിശീലനം ലഭിച്ചവരെ നിയമിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ആരോഗ്യ വകുപ്പ് അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.