വാഹന പരിശോധനയും ബോധവത്കരണവും
1488648
Friday, December 20, 2024 7:22 AM IST
ചെങ്ങന്നൂർ: ഗതാഗത നിയമങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്കെതിരേ കർശന നടപടിയും ബോധവത്കരണവുമായി മോട്ടോർ വാഹനവകുപ്പ്. ഗതാഗതമന്ത്രിയുടെ നിർദേശ പ്രകാരം മോട്ടോർ വാഹനവകുപ്പും പോലീസും പരിശോധന കർശനമാക്കി. നിയമലംഘനം നടത്തിയ വാഹനങ്ങൾക്കെതിരേ പിഴ ഈടാക്കുകയും ചെയ്തു.
എംസി റോഡിൽ മുളക്കുഴ ഭാഗത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമുതൽ മോട്ടോർ വാഹനവകുപ്പും പോലീസും സംയുക്തമായി പരിശോധന നടത്തി.
അശ്രദ്ധമായും നിയമലംഘനം നടത്തിയും വാഹനം ഓടിച്ചുവന്ന ആളുകൾക്ക് ബോധവത്കരണവും നൽകി. 243 വാഹനങ്ങൾ പരിശോധിച്ചതിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ 22 വാഹനങ്ങളിൽനിന്ന് 1,55750 രൂപ പിഴ ഈടാക്കുകയും ചെയ്തു. ചെങ്ങന്നൂർ ജോയിന്റ് ആർടിഒ ആർ. പ്രസാദ്, എംവിഐമാരായ എസ്. അഭിലാഷ്, എം. ദിലീപ്, ചെങ്ങന്നൂർ ട്രാഫിക് പോലീസ് എസ്ഐ അബ്ദുൽ സത്താർ, എഎസ്ഐ കുമാരിമായദേവി, എസ്സിപിഒമാരായ രാജീവ്. എസ്, അനീഷ് മോൻ, സിപിഒമാരായ വിനു വിജയൻ, വിജിത്ത് കുമാർ എന്നിവരും മോട്ടോർ വാഹന വകുപ്പ് ആലപ്പുഴ എൻഫോഴ്സ്മെന്റ് ടീം അംഗങ്ങളും ചേർന്നാണ് പരിശോധന നടത്തിയത്.