കുടിവെള്ളം: കൈനകരിയിലെ ഭരണപക്ഷ അംഗമടക്കം സമരത്തിൽ
1488398
Thursday, December 19, 2024 7:54 AM IST
മങ്കൊമ്പ്: ഒൻപതു മാസത്തിലധികമായി കൈനകരിയിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹരം തേടി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബിത മനു കിടങ്ങറ വാട്ടർ അഥോറിറ്റി ഓഫീസിനു മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. സമരത്തിനു പിൻതുണയുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ഡി. ലോനപ്പന്റെ നേതൃത്വത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നോബിൻ.പി.ജോൺ, സന്തോഷ് പട്ടണം, ആഷാ ജയിംസ് എന്നിവരും സമരത്തിൽ പങ്കാളികളായി.
രാഷ്ട്രീയത്തിനതീതമായി നടത്തുന്ന സമരം നാട്ടിലെ ജനങ്ങൾക്കു വേണ്ടിയാണെന്ന് കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു. സിപിഐയുടെ രണ്ട് പ്രാദേശിക നേതാക്കളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തി. എടത്വയിൽ നിന്ന് വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്യുട്ടീവ് എൻജിനിയർ കിടങ്ങറയിൽ എത്തി സമരക്കാരുമായി ചർച്ച നടത്തി. 20 മുതൽ മുണ്ടയ്ക്കൽ വാട്ടർ ടാങ്കിലൂടെയുള്ള കുടിവെള്ളം വിതരണം പുനഃസ്ഥാപിക്കുമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചതായി ജനപ്രതിനിധികൾ അറിയിച്ചു.