ബിവറേജ് ഔട്ട്ലെറ്റിൽനിന്നു വിദേശമദ്യം മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ
1488646
Friday, December 20, 2024 7:22 AM IST
അമ്പലപ്പുഴ: കൺസ്യൂമർഫെഡ് ബിവറേജ് ഔട്ട്ലെറ്റ് ഷോപ്പിൽനിന്ന് വിദേശമദ്യം മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ. തകഴി പഞ്ചായത്ത് 13-ാം വാർഡിൽ കൻകോളിൽ രഘുനാഥന്റെ മകൻ ഹരികൃഷ്ണൻ (36), അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 10-ാം വാർഡിൽ വെണ്ണലപറമ്പ് ശ്രീകുമാർ മകൻ പത്മകുമാർ (പപ്പൻ-38) എന്നിവരെയാണ് അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
നവംബർ പതിമൂന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം. മദ്യം വാങ്ങാൻ എന്ന വ്യാജേന അമ്പലപ്പുഴ ബിവറേജ് കോർപറേഷൻ ഔട്ട്ലെറ്റിൽ എത്തിയ പ്രതികൾ റാക്കിൽ സൂക്ഷിച്ചിരുന്ന 7,500 രൂപ വില വരുന്ന 9 കുപ്പി വിദേശ മദ്യം മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് മാനേജരുടെ പരാതിയിന്മേൽ കേസ് രജിസ്റ്റർ ചെയ്ത് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ് എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പക്ടർ പ്രതീഷ്കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അനീഷ് കെ. ദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനിൽ എം.കെ, ബിബിൻദാസ്, ജോസഫ് ജോയി, മുഹമ്മദ് ഷെഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.