സമരത്തിൽ പങ്കെടുക്കാത്തതിന് ജോലിയില്ല; പഞ്ചായത്ത് സെക്രട്ടറിക്കെതിരേ കോൺഗ്രസ്
1488640
Friday, December 20, 2024 7:22 AM IST
വള്ളികുന്നം: സിപിഎം സമരത്തിൽ പങ്കെടുക്കാത്ത തൊഴിലുറപ്പ് തൊഴിലാളികളെ ജോലിയിൽനിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് തൊഴിലാളികളും കോൺഗ്രസ് പ്രവർത്തകരും വള്ളികുന്നം പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. തുടർന്ന് സെക്രട്ടറി തൊഴിലുറപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയെ വിളിച്ചുവരുത്തി രേഖകൾ പരിശോധിച്ചപ്പോൾ സ്ഥിരമായി 75 തൊഴിലാളികൾ ജോലി ചെയ്യുന്ന വാർഡിൽ 25 തൊഴിലാളികൾക്ക് മാത്രം ജോലി നൽകിയതായി കണ്ടെത്തി.
തൊഴിലാളികളും കോൺഗ്രസ് നേതാക്കളും പഞ്ചായത്ത് സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ അടുത്തദിവസം തന്നെ 45 തൊഴിലാളികൾക്കും ജോലി നൽകുമെന്നും തൊഴിൽ നിഷേധിച്ച മേറ്റിനെതിരേ നടപടി സ്വീകരിക്കുമെന്നുമുള്ള ഉറപ്പിന്മേൽ ഉപരോധം അവസാനിപ്പിച്ചു. വള്ളികുന്നം പഞ്ചായത്തിലെ വാളാച്ചാൽ വാർഡിലെ 45 തൊഴിലാളികൾ ഈ മാസം പത്തിനാണ് സിപിഎം നേതൃത്വത്തിൽ വള്ളികുന്നം പോസ്റ്റാഫീസ് പടിക്കൽ സമരം നടത്തിയത്. സമരത്തിൽ പങ്കെടുക്കാത്ത കാരണത്താലാണ് ജോലിയിൽനിന്ന് ഒഴിവാക്കിയത്. ഒഴിവാക്കിയ തൊഴിലാളികൾ ഓംബുഡ്സ്മാന് പരാതി നൽകിയിരുന്നു.
സമരത്തിന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജി. രാജീവ് കുമാർ, ഡിസിസി ജനറൽ സെക്രട്ടറി ബി. രാജലക്ഷ്മി, പ്രകാശ്, ചൂനാട്ട് വിജയൻപിള്ള, കെ. ഗോപി, അർച്ചന പ്രകാശ്, രാധാകൃഷ്ണ പിള്ള, യൂസഫ് വട്ടക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.