ഇഴഞ്ഞിഴഞ്ഞ് ദേശീയപാത നിർമാണം; വാഹനാപകടങ്ങളും മരണങ്ങളും തുടരുന്നു
1488403
Thursday, December 19, 2024 7:55 AM IST
അന്പലപ്പുഴ: ദേശീയപാത നിർമാണം ഇഴഞ്ഞുനീങ്ങുന്നു. ജില്ലയിൽ വാഹനാപകട മരണങ്ങളും വർധിക്കുന്നു. നാലുവരിപ്പാതയ്ക്കുവേണ്ടി ജെസിബി പൊളിച്ചിട്ടിരിക്കുന്ന ഭാഗത്ത് കുഴി അറിയാതെ രാത്രികാലങ്ങളിൽ അമിത വേഗത്തിലെത്തുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നവയിൽ ഏറെയും. ചില സമയങ്ങളിൽ വഴിവിളക്കുകൾ കത്താത്തതും കനത്ത മഴയും അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു.
കളർകോട് ഉണ്ടായ മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിന്റെ ഞെട്ടലിൽനിന്ന് നാട്ടുകാർ ഇതുവരെ മോചിതരായിട്ടില്ല. രണ്ടിനു രാത്രി 9.25ന് നിയന്ത്രണം വിട്ടകാർ കെഎസ്ആർടിസി ബസിലിടിച്ചാണുവണ്ടാനം മെഡിക്കൽ കോളജിലെ ആറു വിദ്യാർഥികൾ മരിച്ചത്. ഇതിൽ ഒരാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. ദേശീയപാത നിർമാണം പാതിവഴിയിൽ നിൽക്കുന്ന തോട്ടപ്പള്ളിക്കും ഒറ്റപ്പുന്നയ്ക്കുമിടയിലുള്ള പ്രദേശ വും ദുരന്തമേഖലയാണ്.
പുറക്കാട് എസ്എൻഎം ഹയർ സെക്കൻഡറി സ്കൂളിനു സമീപം കഴിഞ്ഞ മാർച്ചിൽ ഉണ്ടായ അപകടത്തിൽ ഒരു കുടുബത്തിലെ മൂന്നു പേർ മരിച്ചു. ദേശീയപാത നിർമാണത്തിനായി കല്ലും മണ്ണും റോഡിന്റെ വശത്ത് കൂട്ടിയിട്ടിരിക്കുന്നത് ഡ്രൈവർ കാണാതിരുന്നതാണ് ഇവിടെ ദുരന്തമായത്. ദേശീയപാതയുടെ സമാന്തര റോഡുകൾ മനസിലാക്കാതെ പല ഭാഗത്തും വാഹനങ്ങൾ ദിക്കു തെറ്റിയാണ് സഞ്ചരിക്കുന്നത്.
അടുത്ത വർഷം ഡിസംബറിൽ നിർമാണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയപാത നിർമാണം ആരംഭിച്ചത്. ഇതിനായുള്ള സ്ഥലമെടുപ്പും വേഗത്തിൽ പൂർത്തിയായിരുന്നു. എന്നാൽ തുടക്കത്തിൽ നിർമാണ പുരോഗതി വേഗത്തിലായിരുന്നെങ്കിലും പിന്നീടാണ് മന്ദഗതിയിലായത്. അരൂർ -തുറവൂർ ഉയരപ്പാതയും പൂർത്തീകരിക്കേണ്ടതുണ്ട്. വിവിധ കരാർകമ്പനികളാണ് നിർമാണ ജോലികൾ നടത്തുന്നത്.