നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ ബസ് ഇടിച്ച് 22 പേര്‍ക്കു പരിക്ക്
1488405
Thursday, December 19, 2024 7:55 AM IST
ചേര്‍ത്തല: ചരക്കു ലോറിക്കു പിന്നില്‍ സ്വകാര്യബസ് ഇടിച്ച് ബസ് യാത്രക്കാരായ 22 പേര്‍ക്കു പരിക്ക്. കളവംകോടം കൊല്ലപ്പള്ളിയില്‍ ബുധനാഴ്ച വൈകുന്നേരം നാലിനായിരുന്നു അപകടം. എറണാകുളത്തു നിന്നു ചേര്‍ത്തലയിലേക്കു വരികകയായിരുന്ന ആശീര്‍വാദ് ബസാണ് അപകടത്തില്‍പ്പെട്ടത്. ക്ഷീരസംഘത്തില്‍ കാലിത്തീറ്റയുമായെത്തിയതാണ് ചരക്കുലോറി.
പരിക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എതിരേ വന്ന ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ടാണ് ബസ് ചരക്കുലോറിക്കു പിന്നിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശത്തെ ഗ്ലാസ് പൊട്ടിച്ചിതറിവീണു. ബസില്‍ വീണും മുന്‍സീറ്റിലെ കമ്പികളില്‍ തലയിടിച്ചുമാണ് യാത്രക്കാര്‍ക്കു പരിക്കേറ്റത്. എല്ലാവര്ക്കും തലയിലും മുഖത്തുമാണ് പരിക്ക്.
ചേര്‍ത്തല പോലീസും അഗ്നിശമന സേനയും മോട്ടോര്‍വാഹന വകുപ്പും സ്ഥലത്തു പരിശോധന നടത്തി. താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ സൂപ്രണ്ട് ഡോ. സുജ അലോഷ്യസിന്റെയും ആര്‍എംഒ ഡോ. അജ്മലിന്റെയും നേതൃത്വത്തില്‍ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് എല്ലാവര്ക്കും പ്രാഥമിക ചികിത്സ നല്കി.
തഹസില്‍ദാര്‍ കെ.ആര്. മനോജിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. മന്ത്രി പി. പ്രസാദ്, എഡിഎം ആശാ സി. ഏബ്രഹാം, മുന്‍ എംപി എ.എം. ആരിഫ്, നഗരസഭാ ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്ഗവന് എന്നിവരും ആശുപത്രിയിലെത്തി.
മാരാരിക്കുളം തെക്ക് ഓമനപ്പുഴ മൈക്കിള്‍(80), തൈക്കല്‍ പള്ളിപ്പറമ്പില്‍ മറിയാമ്മ (50), പറയകാട് കൈതവളപ്പില്‍ അന്നമ്മ (30), മകള്‍ ആന്‍വിയ (ഒമ്പത്), പട്ടണക്കാട് പാണാപറമ്പത്ത് തങ്കച്ചി (53, അങ്കണവാടി അധ്യാപിക), കൊല്ലപ്പള്ളി വട്ടത്തറ ഷീല (34), മകള്‍ ഏഴുമാസം പ്രായമുള്ള ശ്രദ്ധ, പട്ടണക്കാട് നികര്‍ത്തില്‍ രവീന്ദ്രന് (65), കണ്ണങ്കര കുടജാദ്രിയില്‍ ആത്മഹരി (15), പുത്തനങ്ങാടി പാട്ടുചിറയില് അതിഥി (15), ചേര്‍ത്തല വഴീക്കവല കണ്ണാട്ട് കളത്തില്‍ രേഖ ഹര്ഷന് (51), തിരുനെല്ലൂര്‍ കിഴക്കേ കല്ലാപ്പുറത്ത് ആതിദ്യ (16), ചേര്‍ത്തല നഗരസഭ 24-ാം വാര്‍ഡ് അറയ്ക്കല്പറമ്പ് വെളി ബെവന് പി. ജോണ്‍ (15), തൈക്കല്‍ കടപ്പുറത് വീട്ടില്‍ നിയസജി (15), കളവംകോടം മെഹഫില്‍ റസിയ (16), കളവംകോടം ശ്രുതി ഭവനത്തില്‍ സാന്ദ്ര (27), തുറവൂര്‍ നന്ദനം ലിജുമോള് (46), കളവംകോടം പാലക്കുഴിയില്‍ ആരോണ്‍ (14), പട്ടണക്കാട് തെക്കുംപ്രായില് പ്രഭുഷ (47), കളവംകോടം വലിയവെളി നികര്‍ത്തില്‍ ദേവിക (22), കടക്കരപ്പള്ളി പുത്തന്‍വീട്ടില്‍ ഷൈലജ (50), പട്ടണക്കാട് സ്കൂളിലെ അധ്യാപിക നിര്‍മല (48) എന്നിവർക്കാണു പരിക്കേറ്റത്.
ഇവരില്‍ ഗുരുതരമായി പരിക്കേറ്റ അങ്കണവാടി അധ്യാപിക തങ്കച്ചി (53), പള്ളിപ്പറമ്പില്‍ മറിയാമ്മ (50), ഓമനപ്പുഴ മൈക്കിള്‍ (80) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.