ഗാർഹിക പീഡനക്കേസിൽ ബിപിൻ സി. ബാബുവിന് മുൻകൂർ ജാമ്യം
1488638
Friday, December 20, 2024 7:22 AM IST
കായംകുളം: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ബിപിൻ സി. ബാബുവിനെതിരേ ഭാര്യ നൽകിയ ഗാർഹികപീഡനക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
കേസിൽ രണ്ടാം പ്രതിയായ ഇദ്ദേഹത്തിന്റെ മാതാവ് പ്രസന്നകുമാരിക്കും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. തന്റെ പിതാവിൽനിന്ന് ബിപിൻ 10 ലക്ഷം സ്ത്രീധനം വാങ്ങിയെന്നും കൂടുതൽ ആവശ്യപ്പെട്ട് മർദിച്ചെന്നും കാട്ടി ഭാര്യ മിനി നൽകിയ പരാതിയിലാണ് കരീലക്കുളങ്ങര പോലീസ് ബിപിൻ സി. ബാബുവിനെതിരേ കേസെടുത്തത്.
കരീലക്കുളങ്ങര സ്റ്റേഷനിൽ ഫെബ്രുവരി 12ന് പരാതി നൽകിയെങ്കിലും താൻ ബിജെപിയിൽ ചേർന്ന നവംബർ 30 നുശേഷം ഡിസംബർ രണ്ടിന് മാത്രമാണ് കേസെടുത്തതെന്നും രാഷ്ട്രീയ പകപോക്കാലാണ് കേസെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ, ഈ വാദം അംഗീകരിക്കാതിരുന്ന കോടതി, ഭാര്യയുടേത് ഗൗരവമുള്ള ആരോപണങ്ങളാണെന്ന് നിരീക്ഷിച്ചു.
ഇത് വൈവാഹിക തർക്കമായതിനാൽ ഭാവിയിൽ പരിഹരിക്കപ്പെടാവുന്നതാണ്. ഹർജിക്കാരനെ ജയിലിലേക്ക് വിട്ടാൽ ഒന്നിക്കാനുള്ള സാധ്യതയെ ബാധിക്കും. ഇക്കാരണത്താൽ മാത്രമാണ് സുപ്രീംകോടതി മാർഗനിർദേശങ്ങൾകൂടി പരിഗണിച്ച് ജാമ്യം അനുവദിക്കുന്നതെന്നും ഇനി ശാരീരിക ആക്രമണം ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി. അക്രമസംഭവമുണ്ടായാൽ ജാമ്യം റദ്ദാക്കാൻ ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും പരാതി ലഭിച്ചാൽ ജാമ്യം റദ്ദാക്കാമെന്നും വ്യക്തമാക്കിയ കോടതി രണ്ടാഴ്ചക്കകം ചോദ്യം ചെയ്യലിന് ഹാജരാകാൻ ഹർജിക്കാരോട് നിർദേശിച്ചു.
അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ സ്വന്തവും സമാന തുകക്കുള്ള രണ്ടുപേരുടെ ബോണ്ടിന്റെയും അടിസ്ഥാനത്തിൽ ജാമ്യത്തിൽ വിടണമെന്നാണ് പ്രധാന ഉപാധി.