ചക്കുളത്തുകാവ് പൊങ്കാല ഇന്ന്
1486728
Friday, December 13, 2024 5:07 AM IST
എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക പൊങ്കാല മഹോത്സവം ഇന്ന് നടക്കും. ക്ഷേത്രത്തിന്റെ 70 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല കലങ്ങള്‍ നിരക്കും. തകഴി, തിരുവല്ല, കോഴഞ്ചേരി, ചെങ്ങന്നൂര്‍, പന്തളം, കിടങ്ങറ, പൊടിയാടി, മാന്നാര്‍, മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളിലേക്കുള്ള റോഡുകളിലാണ് പൊങ്കാല അടുപ്പുകള്‍ ഒരുക്കുന്നത്. 3000 ഓളം വോളന്റിയേഴ്സ് ഇന്‍ഫര്‍മേഷന്‍ സെന്ററുകളിലും പാര്‍ക്കിംഗ് സ്ഥലങ്ങളിലും വിന്യസിച്ചിട്ടുണ്ട്.
വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, സാമുദായിക-സാമൂഹിക-സാംസ്കാരിക സന്നദ്ധ സംഘടനകള്‍ പൊങ്കാല നടത്തിപ്പിന് നേത്യത്വം നല്‍കും. സുരക്ഷ ക്രമീകരണങ്ങള്‍ക്ക് പോലീസ്, ഫയര്‍ഫോഴ്സ്, എക്സൈസ് എന്നിവരുടെ നേവനം പത്തനംതിട്ട, ആലപ്പുഴ ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.
പുലര്‍ച്ചെ 4ന് നിര്‍മാല്യദര്‍ശനത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9ന് വിളിച്ചുചൊല്ലി പ്രാര്‍ഥനയും നടക്കും. 10.30ന് ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടക്കുന്ന പൊങ്കാല സമര്‍പ്പണ ചടങ്ങില്‍ ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍നിന്നു മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി പകരുന്ന ദീപം പണ്ടാര പൊങ്കാല അടുപ്പിലേക്ക് പകര്ത്തുന്നതോട പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.
പണ്ടാര പൊങ്കാല അടുപ്പില്‍ നിന്ന് ഭക്തര്‍ നേദ്യ അടുപ്പില്‍ തീ പകര്‍ത്തും. ഇതോടെ പ്രദേശം യാഗഭൂമിയായി മാറും. ക്ഷേത്ര മേല്‍ശാന്തി അശോകന് നമ്പൂതിരിയുടെ നേത്യത്വത്തില്‍ രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടത്തും.
പൊങ്കാലയ്ക്ക് മുന്നോടിയായി നടക്കുന്ന ഭക്തജന സംഗമം മന്ത്രി സുരേഷ് ഗോപിയും സഹധര്‍മിണി രാധിക സുരേഷ് ഗോപിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. നിവേദ്യം പാകപ്പെടുത്തിയതിനുശേഷം 500ല്‍പരം വേദ പണ്ഡിതന്മാരുടെ മുഖ്യകാര്‍മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നുള്ളിച്ച് ഭക്തര്‍ തയാറാക്കിയ പൊങ്കാല നേദിക്കും.