മാലമോഷണം നടന്ന് ഒരു വർഷം: പ്രതികൾ അറസ്റ്റിൽ
1486727
Friday, December 13, 2024 5:07 AM IST
പൂച്ചാക്കൽ: മാല കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. അറസ്റ്റിലായവരിൽ ഒരാൾ ബന്ധുവും. തൈക്കാട്ടുശേരി പഞ്ചായത്ത് അഞ്ചാം വാർഡ് തോട്ടുകണ്ടത്തിൽ നിഖിൽ (26), അഞ്ചാം വാർഡ് തേക്കാനത്ത് വീട്ടിൽ ജോണി ജോസഫ് (25), നാലാം വാർഡ് കല്ലുങ്കൽ വെളിയിൽ വിഷ്ണു പ്രസാദ് (28) എന്നിവരെയാണ് പൂച്ചാക്കൽ സിഐ പി.എസ്. സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
ഒരുവർഷം മുൻപ് മണപ്പുറം തോട്ടുകണ്ടത്തിൽ ഉദയകുമാറിന്റെ രണ്ടു പവന്റെ സ്വർണമാല മോഷണം പോയിരുന്നു. പോലിസിന്റെ അന്വേഷണത്തിലാണ് ബന്ധുവായ നിഖിലിലേക്ക് സംശയമെത്തുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് രണ്ടാം പ്രതി ജോണി ജോസഫുമായി ചേർന്ന് മോഷണം നടത്തിയതായും മൂന്നാം പ്രതി വിഷ്ണുപ്രസാദ് പൂച്ചാക്കലിലുള്ള ധനകാര്യ സ്ഥാപനത്തിൽ മാല വിൽക്കാൻ ശ്രമിച്ചുവെന്നും തെളിഞ്ഞത്.
തെളിവെടുപ്പ് നടത്തി പ്രതികളെ കോടതിയിൽ ഹാജരാക്കി. പൂച്ചാക്കൽ സിഐക്കൊപ്പം സിപിഒമാരായ സുബിമോൻ, കിം റിച്ചാർഡ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.