സാമൂഹ്യവിരുദ്ധർ പച്ചക്കറി കൃഷി നശിപ്പിച്ചു
1486725
Friday, December 13, 2024 5:07 AM IST
മങ്കൊമ്പ്: നെല്ലിനൊപ്പം പാടത്തു നട്ടുപിടിപ്പിച്ച പച്ചക്കറി കൃഷി സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി. കാവാലം ആറിൽ പുത്തൻകളം ജോബി ആന്റണിയുടെ പയർ കൃഷിയാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. കാവാലം കൃഷിഭവൻ പരിധിയിൽ വരുന്ന രാമരാജപുരം പാടശേഖരത്തിലെ കർഷകനാണ് ജോബി.
സ്വന്തമായുള്ള 16 ഏക്കർ കൃഷിഭൂമിയുടെ പുറംബണ്ടിലാണ് ഇദ്ദേഹം പച്ചക്കറി കൃഷിയിറക്കിയിരിക്കുന്നത്. നൂറു ചുവട് ചേമ്പിനൊപ്പം നൂറുചുവടു പയർ ചെടികളും നട്ടുവളർത്തുന്നു. ഇന്നലെ ഉച്ചയ്ക്കു രണ്ടുവരെ ജോബി ഇവിടെ പയറിനുള്ള പന്തലിടുന്ന ജോലികൾ ചെയ്തിരുന്നു. ഇന്നു രാവിലെ ഒൻപതോടെ പാടത്തെത്തിയപ്പോൾ പകുതിയോളം പയർച്ചെടികളുടെ ചുവട് മുറിച്ചുനീക്കിയ നിലയിൽ കാണുകയായിരുന്നു.
പൂവിട്ടു തുടങ്ങിയ ചെടികളിൽനിന്ന് അടുത്തയാഴ്ച മുതൽ വിളവെടുക്കാമായിരുന്നുവെന്നു ജോബി പറയുന്നു. ഇതെത്തുടർന്ന ജോബി കൈനടി പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൃഷിയിടത്തിൽ ചെരിപ്പിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. വിളകൾ നശിച്ചതിന്റെ വിഷമത്തിൽ നിരാശനായ ജോബിയുടെ വികാരഭരിതമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇതെത്തുടർന്ന് കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെട്ടു. രാവിലെ തന്നെ കാവാലം കൃഷി ഓഫീസറും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കൃഷി തുടരുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തതായി ജോബി പറയുന്നു. ഇവിടെത്തന്നെ നടുന്നതിനായി മുന്നൂറു പയർച്ചെടികൾ കൂടി തയാറാക്കിയിട്ടുണ്ടെന്നും ജോബി പറഞ്ഞു.