സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പ്രശ്നങ്ങള്‍ക്ക് അതിവേഗ പരിഹാരവുമായി ‘കാതോര്‍ത്ത്’
1486724
Friday, December 13, 2024 5:07 AM IST
ആലപ്പുഴ: സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പ്രശ്നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണാന്‍ വനിതാ ശിശുവികസന വകുപ്പ് ഒരുക്കിയ ‘കാതോര്‍ത്ത്’ പദ്ധതിയെ സമീപിക്കാമെന്ന് ജില്ലാ വനിത ശിശു വികസന ഓഫീസര്‍ അറിയിച്ചു. സ്ത്രീകള്‍ക്ക് സ്വന്തം താമസസ്ഥലത്തുനിന്നുതന്നെ കൗണ്‍സലിംഗ്, നിയമസഹായം, പോലീസ് സഹായം എന്നിവ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനിലൂടെ ലഭ്യമാക്കുന്ന പദ്ധതിയാണിത്.
സേവനം ആവശ്യമായ ഗുണഭോക്താവിന് kathorthu.wcd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സഹായങ്ങള്‍ ലഭ്യമാകും. സൈറ്റില്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ നല്കി ആവശ്യമായ സേവനം തെരഞ്ഞെടുക്കാം.
കൗണ്‍സലിംഗ്, നിയമസഹായം, പൊലീസ് സഹായം എന്നിവയില്‍ ഒന്നില്‍ കൂടുതല്‍ സേവനങ്ങള്‍ ഒരേസമയം ആവശ്യമായപക്ഷം അതും രേഖപ്പെടുത്താം. ആവശ്യപ്പെട്ട സേവനം 48 മണിക്കൂറിനുള്ളില്‍ ലഭിക്കാന്‍ അടുത്ത രണ്ടു ദിവസങ്ങളിലെ അനുവദനീയമായ സമയം രേഖപ്പെടുത്തണം. എന്തെങ്കിലും അസൗകര്യമുണ്ടെങ്കില്‍ അദേഴ്സ് എന്ന ഓപ്ഷന് തെരഞ്ഞെടുത്ത് സൗകര്യമുള്ള സമയം രേഖപ്പെടുത്താം.
അപേക്ഷ രജിസ്റ്ററായാല്‍ ഗുണഭോക്താവ് നല്കിയ ഇ മെയില്‍/മൊബൈല്‍ ഫോണിലേക്ക് സര്‍വീസ് നമ്പര്‍ ലഭിക്കുകയും തുടര്‍ന്ന് സഹായം ലഭ്യമാകുകയും ചെയ്യും. വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2960147.