വികസനം കാത്ത് വയലാർ റെയിൽവേ സ്റ്റേഷൻ
1486723
Friday, December 13, 2024 5:07 AM IST
തുറവൂർ: പരാധീനതകൾ നിറഞ്ഞ വയലാർ റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കണമെന്നാവശ്യം ശക്തമാകുന്നു. നിലവിൽ ലോക്കൽ ട്രെയിനുകളുടെ കുറച്ച് ബോഗികൾ മാത്രമാണ് പ്ലാറ്റ്ഫോമിൽ നിൽക്കുന്നത്.
ബാക്കി ബോഗികൾ പ്ലാറ്റ്ഫോമിന് വെളിയിൽ നിൽക്കുന്നതുമൂലം ട്രെയിനിലേക്ക് കയറാനും ഇറങ്ങാനും യാത്രക്കാർ വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോൾ തന്നെ നാലു ബോഗികൾ വീതം ഇരുവശങ്ങളിലുമായി ഫ്ലാറ്റ്ഫോമിന് പുറത്താണ് നിൽക്കുന്നത്. വടക്കുഭാഗത്തായി റെയിൽവേ ക്രോസ് കഴിഞ്ഞാണ് ട്രെയിനുകൾ നിൽക്കുന്നത്.
ഇതുമൂലം ട്രെയിനിൽനിന്ന് ഇറങ്ങുന്ന യാത്രക്കാർ വളരെയധികം കഷ്ടപ്പെടുകയാണ്. ഇറങ്ങുന്നതിനിടെ കാൽ തെറ്റിയാൽ താഴ്ച്ചയിലേക്ക് വീഴുന്ന സാഹചര്യമാണുള്ളത്. റെയിൽവേ ട്രാക്കിന് ഇരുവശവും മുഴുവൻ കാടുപിടിച്ചു കിടക്കുന്നതിനാൽ യാത്രക്കാർ ഇഴജന്തുക്കളെയും ഭയന്നാണ് യാത്ര ചെയ്യുന്നത്.
മറ്റു റെയിൽവേ സ്റ്റേഷനുകളുടെ പോലെ തന്നെ വയലാർ റെയിൽവേസ്റ്റേഷനും വികസിപ്പിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും യാതൊരുവിധ വികസന പ്രവർത്തനങ്ങളും നാളിതുവരെ ഉണ്ടാകാത്തതിൽ യാത്രക്കാർ ശക്തമായ പ്രതിഷേധത്തിലാണ്.
വയലാർ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടിയും റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്തുള്ള റെയിൽവേ ക്രോസിൽ മേൽപ്പാലം നിർമിക്കണമെന്ന ആവശ്യവും ശക്തമാകുന്നു.