കരുണാസുരഭിലം കണ്ടത്തിലച്ചന്റെ ഓർമകൾ
1486721
Friday, December 13, 2024 5:07 AM IST
എം. ജോസ് ജോസഫ്
ആലപ്പുഴ: അന്ന് ലോകം ഇങ്ങനൊന്നുമായിരുന്നില്ല. പട്ടിണിയും പരിവട്ടവും നിറഞ്ഞ കാലം. രോഗങ്ങളും പീഡകളും അലട്ടുന്ന നേരം. പാവപ്പെട്ടവരെയും അവഗണിക്കപ്പെട്ടവരെയും ചേർത്തുപിടിക്കാൻ അധികമാരുമില്ലാത്ത സാഹചര്യം.
തന്റെ 33-ാം വയസിൽ അവരിലൊരാളായി അവരെ ശുശ്രൂഷിക്കാൻ ഒരു കൊച്ചച്ചൻ. ഫാ. ജോസഫ് കെ.ഡബ്ല്യു. തോമസ് കണ്ടത്തിൽ എന്ന യുവവൈദികൻ അങ്ങനാണ് കാരുണ്യപ്രവർത്തനങ്ങളിലേക്ക് എടുത്തുചാടുന്നത്. മിശിഹായുടെ സ് നേഹത്താൽ ജ്വലിച്ച്. 1940 കളിലായിരുന്നു അത്.
കരുണാർദ്രം കുട്ടിക്കാലം
1904 ഒക്ടോബർ 27ന് വൈക്കത്തിനടുത്ത് ചെമ്പ് എന്ന നാട്ടിലെ കണ്ടത്തിൽ കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ പിതാവ് എറണാകുളം അതിരൂപതയിലെ പരേതനായ ആർച്ച്ബിഷപ് മാർ അഗസ്റ്റിൻ കണ്ടത്തിലിന്റെ സഹോദരനായിരുന്നു. പിതാക്കളിൽനിന്ന് പാരമ്പര്യമായി ലഭിച്ചത് ചെറിയ ജോസഫിൽ തിളങ്ങിനിന്നിരുന്നു.
കർത്തവ്യത, അനുസരണ, വിശുദ്ധി, അനുകമ്പ ഇവയെല്ലാം ചെറുപ്പത്തിലേ പ്രദർശിപ്പിച്ചു. കുട്ടിക്കാലത്ത് ജോസഫിന്റെ ജ്ഞാനവും പ്രായോഗികബുദ്ധിയും അവന്റെ സമപ്രായക്കാരേക്കാൾ ഏറെ മുന്നിൽ.
മിഡിൽ സ്കൂളിൽ പഠിക്കുമ്പോൾ ടൈഫോയിഡും കടുത്ത പനിയും. അത് മരണത്തിന്റെ വക്കിലെത്തിച്ചു. അദ്ഭുതകരമായ സാഹചര്യത്തിൽ അസുഖത്തെ അതിജീവിച്ചു. കാരുണ്യത്തിന്റെയും ദയയുടെയും വീണ്ടെടുപ്പു വേലയിൽ പങ്കുചേരാൻ ദൈവം ഒരുക്കിയതു പോലൊരു രക്ഷപ്പെടൽ.
സ്നേഹത്തീയിൽ ജ്വലിച്ച്
തന്റെ ജീവിതം ദൈവത്തിന് സമർപ്പിച്ച് വീരോചിതമായ സദ്ഗുണമുള്ള വ്യക്തിയായി മുന്നേറുകയായിരുന്നു തുടർന്ന് അദ്ദേഹം. "എന്റെ ഏറ്റവും എളിയ സഹോദരന്മാർക്ക് നിങ്ങൾ ഇത് ചെയ്തപ്പോൾ, നിങ്ങൾ എനിക്ക് അത് ചെയ്തു’ (മത്തായി 25:40) എന്ന വചനം അദ്ദേഹത്തിന്റെ ശക്തിയുടെ വെളിച്ചമായി.
ഹൃദയത്തിൽ സ്നേഹത്തീയും മനസിൽ അനുകമ്പയും. സെമിനാരി പഠനകാലത്ത് അതിനായി സ്വയം രൂപപ്പെടുത്തി. തുടർന്ന് മുട്ടം പള്ളിയിൽ കൊച്ചച്ചനായി വന്നു. 1942 ഫെബ്രുവരി രണ്ടിന് കുഷ്ഠരോഗബാധിതരായ സഹോദരങ്ങൾക്കായി ഒരു ഭവനം തുടങ്ങി. സമൂഹത്തിലെ ഏറ്റവും ചെറിയതും അവസാനവുമായവരുടെ നിലവിളിയൊപ്പാൻ മുന്നിട്ടി റങ്ങി. ഏതാനും വർഷങ്ങൾ കുഷ്ഠരോഗികളെ അദ്ദേഹം തന്നെ പരിചരിച്ചു. പിന്നീട് മറ്റ് സഭകളിലെ സഹോദരിമാരുടെ സഹായത്തോടെ കരുണ തുടരാൻ കുഷ്ഠരോഗികളെ പരിചരിക്കു ന്നതിനായി 1949ൽ അദ്ദേഹം "അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്’ എന്ന സഭ സ്ഥാപിച്ചു
തന്റെ ദൗത്യം ആവശ്യമുള്ളിടത്തെല്ലാം നീട്ടി. ബധിരർ, അന്ധർ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവർക്കെല്ലാം. ജോസഫച്ചന്റെ കണ്ണുകൾ എപ്പോഴും സഹായം ആവശ്യമുള്ളവരിലേക്കു തിരിഞ്ഞു. തന്റെ വചനങ്ങൾ പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ ആരെയും അനുവദിക്കാതെ കോൺഗ്രിഗേഷൻ ഓഫ് അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സ്ഥാപിച്ചു.
തന്റെ കാരുണ്യപ്രവർത്തനങ്ങൾ തുടരാൻ കണ്ടത്തിലച്ചൻ അങ്ങനെ വഴിതുറന്നു. 2019 ഒക്ടോബർ 24ന് പരിശുദ്ധ സിംഹാസനം ദൈവദാസനായി അദ്ദേഹത്തെ പ്രഖ്യാപിച്ചു.
കാരുണ്യവഴിയിൽ എഎസ്എംഐ
1949 ഏപ്രിൽ രണ്ടിനായിരുന്നു അത്. എഎസ്എംഐ സഭാസ്ഥാപനം. രോഗികൾ, ദരിദ്രർ, സമൂഹത്തിൽനിന്ന് തിരസ്കരിക്കപ്പെട്ടവർ എന്നിവർക്ക് അനുകമ്പയുള്ള സ്നേഹം പ്രസരിപ്പിക്കുന്നതാണ് എഎസ്എംഐയുടെ ആകർഷണം. മെഡിക്കൽ, വിദ്യാഭ്യാസ, അജപാലന, സാമൂഹിക ശുശ്രൂഷകളിലൂടെയും സുവിശേഷവത്കരണത്തിലൂടെയും എഎസ്എംഐ സഹോദരിമാർ അതു നിറവേറ്റുന്നു.
1954 ഫെബ്രുവരി 16ന് എഎസ്എംഐ സഭയ്ക്ക് അംഗീകാരം ലഭിക്കുകയും 1956 നവംബർ 3ന് സഭയെ നിയമപരമായി ഓർഡർ ഓഫ് ഫ്രയേഴ്സ് മൈനർ കപ്പൂച്ചിൻസിലേക്ക് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു. വിശുദ്ധ ഫ്രാൻസിസിന്റെ കാരിസത്തിൽ ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും അതിവേഗം വളർന്നു.
1986 ഏപ്രിൽ 28ന് വിശുദ്ധ ജോൺ പോൾ മാർപാപ്പ പൊന്തിഫിക്കൽ റൈറ്റ് പദവിയിലേക്ക് എഎസ്എംഐ സഭയെ ഉയർത്തി. ഇപ്പോൾ സഭയ്ക്ക് നാല് പ്രവിശ്യകളും മൂന്നു മേഖലകളും 900 അംഗങ്ങളുമുണ്ട്.