അധ്യാപകർ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു
1484820
Friday, December 6, 2024 5:27 AM IST
കറ്റാനം: വിദ്യാഭ്യാസമേഖലയിൽ ഉത്തരവാദിത്വം പുലർത്തുന്ന എയ്ഡഡ് സ്കൂളുകളിലെ അധ്യാപക-അനധ്യാപക നിയമനങ്ങൾ ഭിന്നശേഷി സംവരണത്തിന്റെ പേരിൽ അട്ടിമറിക്കരുതെന്നാവശ്യപ്പെട്ട് കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് കറ്റാനം പോപ്പ് പയസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപകർ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു.
അധ്യാപക നിയമനത്തിന് യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളുടെ അഭാവവും അവരെ കണ്ടെത്താനുള്ള വൈഷമ്യവും പുതിയ അധ്യാപക-അനധ്യാപക നിയമനത്തിന് തടസമാകുന്ന കാഴ്ചയാണ് നിലവിലുള്ളതെന്നും അധ്യാപകർക്ക് അംഗീകാരം നൽകാതെ ദ്രോഹിക്കുന്ന നടപടിയിൽനിന്ന് സർക്കാർ പിൻമാറണമെന്നും ടീച്ചേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു.
ടീച്ചേഴ്സ് ഗിൽഡ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.റ്റി. വർഗീസ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സെലിൻ സ്കറിയ അധ്യക്ഷയായി. പ്രിൻസിപ്പൽ ടി. മോഹൻ, സ്റ്റാഫ് സെക്രട്ടറി ഫാ. സിൽവസ്റ്റർ തെക്കേടത്ത്, ജിജി പാപ്പച്ചൻ, മേരിബിനി, മിനി എസ്, സിന്ധു ആനി, എലിസബേത്ത് ചാക്കോ, ഗ്രേസ് ഫിലിപ്പ്, പ്രീതി എലിസബത്ത്, ഷേർലി തോമസ് എന്നിവർ പ്രസംഗിച്ചു.