ചുനക്കരയിൽ വീണ്ടും കാട്ടുപന്നി ശല്യം
1484817
Friday, December 6, 2024 5:27 AM IST
ചാരുംമൂട്: ചുനക്കര പഞ്ചായത്തിൽ കർഷകരുടെ ഉറക്കം കെടുത്തി കാട്ടുപന്നികളുടെ ശല്യം രൂക്ഷമായി. ചുനക്കര പോസ്റ്റ് ഓഫീസ് ജംഗ്ഷനു സമീപമുള്ള കൃഷിയിടങ്ങളിലാണ് കഴിഞ്ഞദിവസം പന്നി ശല്യം രൂക്ഷമായത്.
നിരവധി കാർഷിക വിളകൾ കാട്ടുപന്നികൾനശിപ്പിച്ചു. തെങ്ങ്, വാഴ, ചേമ്പ് തുടങ്ങിയ കൃഷികളാണ് കാട്ടുപന്നി ശല്യം മൂലം നശിച്ചത്. ഈ പ്രദേശത്ത് കാട്ടുപന്നി ശല്യം കുറവായിരുന്നു.
ആറുമാസം മുമ്പ് പഞ്ചായത്തിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ കാട്ടുപന്നി ഇറങ്ങിയിരുന്നു. അവ വ്യാപിച്ച് ഈ പ്രദേശങ്ങളിലേക്ക് എത്തിയതാകാം എന്നാണ് കർഷകർ പറയുന്നത്. ഏക്കർ കണക്കിന് കൃഷികളാണ് പ്രദേശത്ത് കർഷകർ ചെയ്തിട്ടുള്ളത്. പന്നിശല്യം രൂക്ഷമായതോടെ കർഷകർ ആശങ്കയിലാണ്.
സമീപ പഞ്ചായത്തുകളായ നൂറനാട്, പാലമേൽ, താമരക്കുളം, വള്ളികുന്നം പഞ്ചായത്ത് പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമായി നിലനിൽക്കുകയാണ്. ചുനക്കര പഞ്ചായത്തിൽ തുടക്കത്തിൽ തന്നെ ഇതിനെതിരേ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.