സമരം കഴിഞ്ഞിട്ടുവേണം നെല്‍കര്‍ഷകനു കൃഷി ചെയ്യാന്‍
1484816
Friday, December 6, 2024 5:27 AM IST
ആലപ്പുഴ: നെല്‍കര്‍ഷകര്‍ക്ക് സമരം കഴിഞ്ഞിട്ട് കൃഷി ചെയ്യാന്‍ നേരമില്ലാത്ത അവസ്ഥ. രണ്ട് കൃഷി ചെയ്യുന്ന പാടങ്ങളിലെ കൃഷിക്കാര്‍ ആണ്ടുവട്ടം മുഴുവന്‍ സമരഭൂമിയിലാണ്. കൃഷി ഒരു തുടര്‍ നടപടിയാണെന്നും ഈ പ്രക്രിയക്ക് ചില ആവശ്യങ്ങളും നടപടികളുമുണ്ടെന്ന് കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കും മുഴുവന്‍ അറിയാം. എന്നാല്‍, കൃഷിയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വപ്പെട്ട ആളുകള്‍ക്ക് മാത്രം ഇക്കാര്യത്തില്‍ അറിവില്ല!
കൃഷിയിറക്കാന്‍ കടമ്പകളേറെ
കൃഷിയിറക്കാന്‍ പുറംബണ്ട് ബലപ്പെടുത്തണം, പൊതുമടകള്‍ കുത്തണം, നല്ല കിളിര്പ്പുള്ള വിത്തുകള്‍ യഥാസമയം ലഭ്യമാക്കണം, വളവും കീടനാശിനികളും അനുയോജ്യമായത് ആവശ്യമനുസരിച്ച് ലഭ്യമാക്കണം. വിളവെത്തിയാല്‍ വിളനഷ്ടം വരുത്താതെ കൊയ്തെടുക്കാന്‍ ആവശ്യമായ യന്ത്രങ്ങള്‍ യഥാസമയം എത്തിക്കണം. കൊയ്ത്ത് നടന്നാലുടന്‍ നെല്ല് കിഴിവ് കൂടാതെ പെട്ടന്ന് സംഭരിക്കപ്പെടണം, നെല്ല് സംഭരിക്കപ്പെട്ടാലുടന് കര്ഷകന് നെല്ലിന്റെ വില ലഭ്യമാകണം.
എന്തെങ്കിലും കാരണത്താല്‍ കൃഷി നാശമോ, നഷ്ടമോ ഉണ്ടായാല്‍ നഷ്ടപരിഹാരം കാലതാമസം കൂടാതെ കര്‍ഷകര്‍ക്ക് ലഭ്യമാകണം. മറ്റ് ജോലികളില്‍ നിന്നെല്ലാം വ്യത്യസ്ഥമായ പൊതു സമൂഹത്തിന്റെ ഭക്ഷ്യസുരക്ഷക്കുവേണ്ടി പോരാടുന്ന സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്ന കര്‍ഷകന്റെ ആവശ്യങ്ങള്‍ ഇത്രമാത്രം.
ഫണ്ട് ലഭ്യതയില്ല
ഒരു പാടശേഖരത്തില്‍ കൃഷി ഇറക്കണമെങ്കില്‍ പാടശേഖരത്തിന്റെ പുറംബണ്ട് ബലപ്പെടുത്തുകയും മടകള്‍ കുത്തി സുരക്ഷിതമാക്കുകയും ചെയ്യണം. ഇതിനുവേണ്ട ഫണ്ട് കണ്ടെത്താന്‍ സാധാരണക്കാരായ കര്‍ഷകര്‍ക്ക് സാധിക്കില്ല. ഇത് പല കാലങ്ങളായി ആവശ്യകത അനുസരിച്ച് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍, ഇന്ന് ഇപ്രകാരമുള്ള പുറംബണ്ട് ബലപ്പെടുത്തലിനും മടകുത്തലിനുമുള്ള ഫണ്ട് ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ പല സ്ഥലങ്ങളിലും നിരന്തര സമരത്തിലാണ്.
വിത്തു കിട്ടാനില്ല; കിട്ടുന്നതില്‍ പാതി പതിര്
നല്ല വിത്തുകള്‍ ലഭ്യമായെങ്കില്‍ മാത്രമേ സമയബന്ധിതമായി കൃഷി ഇറക്കാന്‍ കഴിയു. എന്നാല്‍, പലപ്പോഴും വിത്ത് യഥാസമയം ലഭിക്കുന്നില്ല എന്നത് കൂടാതെ ലഭ്യമാകുന്ന വിത്ത് പലപ്പോഴും വേണ്ടവിധം കിളിര്‍ക്കാതെ പോകുന്നത് കര്‍ഷകന്റെ സ്വപ്നങ്ങളെ തുടക്കത്തില്‍ തന്നെ തകിടം മറിക്കുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം വിത്ത് കിളിര്‍ക്കാതെ പോയ സംഭവം കുട്ടനാട്ടില്‍ കൂടുതലായിരുന്നു.
ഇത് കര്ഷകന് സമയനഷ്ടവും പണനഷ്ടവും വിള നഷ്ടവും ഉണ്ടാക്കും. എന്നാല്‍, ഇതൊന്നും അധികാരികള്‍ കണ്ട ഭാവം നടിക്കുന്നില്ല.
വളവും കീടനാശിനിയും കിട്ടാക്കനി
കൃഷി ഇറക്കിയാല്‍ അതിനാവശ്യമായ വളവും കീടനാശിനികളും ആവശ്യമാണ്. പക്ഷേ, ഇവ രണ്ടും കര്‍ഷകര്‍ക്ക് കിട്ടാക്കനിയാണ്. സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. അതിനായി ഒരു അധികാരികളും നടപടിയെടുക്കുന്നില്ല. അവ യഥാസമയം ഏറ്റവും അനുയോജ്യമായ കേന്ദ്രങ്ങളില്‍ എത്തിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നു മറന്നുപോകുന്നവരാണ് അധികാരികളില്‍ കൂടുതലും.
വഞ്ചിക്കപ്പെടുന്നത് കൊയ്ത്ത് യന്ത്രത്തിന്റെ പേരില്‍
കൊയ്ത്ത് യന്ത്രത്തിന്റെ കാര്യത്തിലാണ് കര്ഷകന് ഏറ്റവും അധികം വഞ്ചിക്കപ്പെടുന്നത്. ഓരോ വിളവെടുപ്പ് കാലത്തും ഇടനിലക്കാരുടേയും ചില പാടശേഖര കമ്മിറ്റിക്കാരുടെയും ഇടപെടലുകള്‍ കര്‍ഷകന്റെ ഭാരം കൂട്ടുന്നു. മണിക്കൂറിന് 300 മുതല്‍ 1000 രൂപ വരെ കൂടുതല്‍ കൊടുക്കാന്‍ വിധിക്കപ്പെട്ട നിര്ഭാഗ്യവാന്മാരായി കര്‍ഷകര്‍ മാറുന്നു. കൂടാതെ സമയം കൂടുതലെടുത്ത് കൊയ്യുന്ന യന്ത്ര ഓപ്പറേറ്റർമാരുടെ കുബുദ്ധികൂടി ചേരുമ്പോള്‍ കര്‍ഷകന്റെ പോ ക്കറ്റ് കാലിയാകും.
സംഭരണവും കിഴിവും പൊല്ലാപ്പ്
ഏകദേശം നാലഞ്ചുമാസം കൊണ്ട് പ്രകൃതിക്ഷോഭങ്ങളെയും കീടബാധ്യതയെയും അതിജീവിച്ച് വിളവെടുക്കുന്ന നെല്ല് യഥാസമയം സംഭരിക്കുക എന്നതാണ് ഇന്ന് കര്‍ഷകർ നേരിടുന്ന പ്രധാന വെല്ലുവിളി.
അതിന് ഏറ്റവും തടസമാകുന്നത് മില്ലുകാരും ഏജന്റുമാരും പാടശേഖരകമ്മിറ്റിയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ്.
കൊയ്ത് ശേഖരിക്കുന്ന നെല്ല് നിലവിലെ സ്ഥിതിയില്‍ കൂടുതല്‍ ദിവസങ്ങള്‍ പാടശേഖരങ്ങളിലും പുറംബണ്ടുകളും സൂക്ഷിക്കാനാവില്ല എന്ന യാഥാര്ത്യം അറിയാവുന്നവര്‍ കര്‍ഷകന്റെ ദയനീയാവസ്ഥയെ ചൂഷണം ചെയ്ത് കിഴിവിന്റെ അളവ് കൂട്ടീ കൂട്ടികൊണ്ടുപോകും.
നെല്ലിന്റെ വിലയ്ക്കായും സമരം
അന്യായമായ കിഴിവും അംഗികരിച്ച് നല്കുന്ന നെല്ലിന്റെ വിലയ്ക്കായി മാസങ്ങളോളം വഴിയിലും വെയിലിലും സമരം ചെയ്യുന്ന ഒരു കര്‍ഷക സമൂഹം ലോകത്തില്‍ ഒരിടത്തും കാണില്ല. എന്നാല്‍, സമരപാരമ്പര്യങ്ങളില് ഊറ്റം കൊള്ളുന്ന കേരളത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രധാന സമരങ്ങളിലൊന്ന് നെല്ലുവില ലഭിക്കുന്നതിനുള്ള സമരമാണ്.
യഥാസമയം നല്ല വിത്ത് എത്തിച്ചുകൊടുക്കാനും പുറംബണ്ടും മടകളും സംരക്ഷിക്കാനും വളവും കീടനാശിനികളും എത്തിക്കാനും യഥസമ യ്ത്രം എത്തിച്ച് കൊയ്ത് വേഗം നെല്ല് സംഭരിക്കാനും സംഭരിക്കുന്ന നെല്ലിന്റെ വില യഥാസമയം കര്ഷകന് കൊടുക്കാനും സാധിച്ചില്ലെങ്കില്‍ കര്‍ഷകര്‍ ഇനിയും സമരപന്തലില്‍ തന്നെതുടരേണ്ടിവരും.