ചാമ്പ്യൻസ് ബോട്ട് ലീഗും കരുവാറ്റ വള്ളംകളിയും നാളെ
1484815
Friday, December 6, 2024 5:27 AM IST
ഹരിപ്പാട്: ചാമ്പ്യൻസ് ബോട്ട് ലീഗും കരുവാറ്റ വള്ളംകളിയും നാളെ 2.30ന് കരുവാറ്റ ലീഡിംഗ് ചാനലിൽ നടക്കും. ഈ വർഷത്തെ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ നാലാമത് മത്സരമാണ് കരുവാറ്റയിൽ നടക്കുന്നത്. വള്ളംകളിയുടെ വിളംബരത്തിന്റെ ഭാഗമായി ഇപ്റ്റയുടെ നാട്ടരങ്ങ് ഇന്നു വൈകിട്ട് 6.30ന് ഊട്ടുപറമ്പിൽ നടക്കും.
നാളെ ഉച്ചയ്ക്ക് രണ്ടിന് കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് പതാക ഉയർത്തും. എച്ച്.സലാം എംഎൽഎ മാസ്ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്യും. ജലഘോഷയാത്ര ജില്ലാ കളക്ടർ അലക്സ് വർഗീസ് ഫ്ലാഗ് ഓഫ് ചെയ്യും.
നിയമസഭ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് വള്ളംകളി ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷത വഹിക്കും. ജലോത്സവ സമിതി സെക്രട്ടറി അഡ്വ.എം.എം. അനസ് അലി സ്വാഗതവും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുക്മിണി രാജു റിപ്പോർട്ടും അവതരിപ്പിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി സമ്മാനദാനം നിർവഹിക്കും. ടി.കെ. ദേവകുമാർ, ബി. ബാബു പ്രസാദ്, സി.കെ. സദാശിവൻ, ടി.എസ്. താഹ, എ.ശോഭ, ജോൺ തോമസ്, ആർ.കെ. കുറുപ്പ് തുടങ്ങിയവർ സംസാരിക്കും.