വിറ്റ നെല്ലിന്റെ വില വാങ്ങിയതിനു കടക്കെണിയിലായി കർഷകൻ
1484814
Friday, December 6, 2024 5:14 AM IST
മങ്കൊമ്പ്: കഴിഞ്ഞ പുഞ്ചകൃഷിയുടെ നെല്ലുവിറ്റതിന്റെ വില കൈപ്പറ്റിയതിന്റെ പേരിൽ ബാങ്കിനു ബാധ്യതക്കാരനായി കർഷകൻ. കുട്ടനാട് മിത്രക്കരി സ്വദേശി മുക്കത്ത് എം.കെ ഷാജിമോനാണ് ഇതുമൂലം രണ്ടാംകൃഷിയുടെ നെല്ലുവില കിട്ടാതെ കടക്കെണിയിലായിരിക്കുന്നത്.
2023-24 വർഷത്തെ പുഞ്ചകൃഷിയുടെ നെല്ലുവിലയ്ക്കായി സപ്ലൈകോയിൽ അപേക്ഷ നൽകിയപ്പോൾ ഗ്രാമീൺ ബാങ്കിലെ അക്കൗണ്ട് നമ്പരാണ് നൽകിയിരുന്നത്. എന്നാൽ, നെല്ലുവില അലോട്ട് ചെയ്യുന്നതിൽനിന്നു കനറാ ബാങ്ക്, എസ്ബിഐ എന്നിവയൊഴികെയുള്ള ബാങ്കുകളെ ഒഴിവാക്കിയിരുന്നു.
ഇതേത്തുടർന്ന് നെല്ലുവില അനുവദിച്ചപ്പോൾ ഇദ്ദേഹം എടത്വ കനറാ ബാങ്ക് ശാഖയിലെത്തി പിആർഎസ് കൈമാറുകയും നെല്ലിവിലയായി 43,000 രൂപ കൈപ്പറ്റുകയും ചെയ്തു. എന്നാൽ, നെല്ലുവില അനുവദിച്ചുവന്നിരുന്നവരുടെ ലിസ്റ്റിൽ ഇല്ലാതെയാണ് ഇദ്ദേഹത്തിനു കനറാ ബാങ്ക് പണം നൽകിയിരുന്നത്.
ഇദ്ദേഹത്തിനുള്ള തുക അനുവദിച്ചുവന്നിരുന്നത് എസ്ബിഐയിലുമായിരുന്നു. എന്നാൽ, ഇരു ബാങ്കുകളിൽനിന്നും ഇദ്ദേഹത്തിനു ഇതുസംബന്ധിച്ചു യാതൊരു അറിയിപ്പുകളും വന്നില്ല. ഇക്കഴിഞ്ഞ പുഞ്ചകൃഷിയുടെ നെല്ലുവിറ്റതിന്റെ പണം അക്കൗണ്ടിലെത്തിയതായി ഫോണിൽ സന്ദേശമെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ഇദ്ദേഹം കനറാ ബാങ്കിലെത്തിയപ്പോഴാണ് ബാങ്കിൽ കുടിശികയുള്ള കാര്യം അറിയുന്നത്.
ഇതെത്തുടർന്ന് എസ്ബിഐയിൽ എത്തിയെങ്കിലും നെല്ലിന്റെ രസീത് കനറാ ബാങ്കിനു കൈമാറിയതിനാൽ നിരാശ മാത്രമായിരുന്നു ഫലം. പിന്നീട് പലവട്ടം പാഡി മാർക്കറ്റിംഗ് ഓഫീസുകളിലും കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. പലയിടത്തുനിന്നും കടം വാങ്ങിയാണ് കഴിഞ്ഞ കൃഷിയിറക്കിയതെന്നു ഷാജിമോൻ പറയുന്നു.
പലിശ കൊടുക്കാൻ പോലും നിവൃത്തിയില്ലാതെ ബുദ്ധിമുട്ടുന്നതിനിടെയാണ് ഇത്തവണത്തെ പുഞ്ചകൃഷി കൂടി ആരംഭിച്ചിരിക്കുന്നത്. ഇല്ലാത്ത പണം കണ്ടെത്തി, പാടത്തു വിയർപ്പൊഴുക്കി വിളയിച്ച നെല്ലു വിറ്റിട്ടും കടക്കെണിയിൽ കഴിയേണ്ടി വരുന്ന കർഷകരുടെ ഗതികേടിനു അറുതിവരുത്തിയില്ലെങ്കിൽ കുട്ടനാട്ടിലെ നെൽകൃഷി അധികകാലം നീളില്ലെന്നാണ് ഷാജിമോനടക്കമുള്ള കർഷകരുടെ ആശങ്ക.
പണം താമസിയാതെ നൽകും
നെല്ലുവിറ്റിട്ടും കടബാധ്യതയിൽ കഴിയുന്ന ഷാജിമോന് ഉടൻതന്നെ നെല്ലുവില നൽകുമെന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ ദീപികയോടു പറഞ്ഞു. ഇതു സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ ബന്ധപ്പെട്ട ബാങ്കുകൾക്ക് അയച്ചിട്ടുണ്ട്. അലോട്ട്മെന്റ് വരാതെതന്നെ കനറാ ബാങ്ക് പണം നൽകിയതാണ് പ്രതിന്ധിക്കു കാരണമായത്. ഇവയെല്ലാം പരിഹരിക്കുന്നതിനുള്ള നടപടികൾ സപ്ലൈകോ പൂർത്തിയാക്കിക്കഴിഞ്ഞു.