കായംകുളം റെയിൽവേ സ്റ്റേഷൻ നവീകരണം മാര്‍ച്ചിൽ പൂർത്തിയാക്കും: ജനറല്‍ മാനേജർ
1484813
Friday, December 6, 2024 5:14 AM IST
കായംകുളം: റെയിൽവേ ഡിവിഷൻ ജനറൽ മാനേജർ കായംകുളം റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിച്ച് അമൃത്ഭാരത് പദ്ധതിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. കെ.സി. വേണുഗോപാൽ എംപിയുടെ നിർദേശത്തെത്തുടർന്നാണ് ജനറൽ മാനേജർ സന്ദർശനത്തിനെത്തിയത്.
കായംകുളം റെയില്‍വെ സ്റ്റേഷനില്‍ കഴിഞ്ഞ ഒന്നരമാസമായി നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഒരു പുരോഗതിയും ഇല്ലാത്തതിനെത്തുടർന്ന് സ്റ്റേഷന് സന്ദര്‍ശിച്ച് നിര്‍മാണപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് കെ.സി. വേണുഗോപാല്‍ ജനൽ മാനേജരോട് ആവശ്യപ്പെട്ടിരുന്നു.
കോട്ടയം-ആലപ്പുഴ പാതകളെ ബന്ധിപ്പിക്കുന്ന ജംഗ്ഷന് സ്റ്റേഷന് എന്നനിലയില്‍ കായംകുളത്ത് വികസനപദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കാലതാമസം അംഗീകരിക്കാനാവില്ലെന്ന് എംപി പറഞ്ഞു. 30 ശതമാനം സ്ഥലങ്ങളില്‍ പ്ലാറ്റ്ഫോമില്‍ മേല്‍ക്കൂരയില്ല, പുതിയ ഫൂട് ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മാണത്തിനായി പ്രാഥമിക നടപടികള്‍ ആരംഭിച്ചെങ്കിലും പാതിവഴിയില്‍ നിലച്ചു.
ക്ലോക്ക് റൂം, കാത്തിരുപ്പ് മുറി, അപ്പ്രോച്ച് റോഡ്, പാര്‍ക്കിംഗ്, സര്‍ക്കുലേറ്റിംഗ് ഏരിയ തുടങ്ങിയവയുടെ നവീകരണത്തിനും നിര്‍മാണത്തിനും പുരോഗതിയില്ലെന്നത് ചൂണ്ടിക്കാട്ടി എംപി ജനറല്‍മാനേജര്‍ക്ക് നിവേദനവും നല്കി.