ഡോക്ടറെ മെഡിക്കൽ സ്റ്റോർ ഉടമ മർദിച്ചതായി പരാതി
1484810
Friday, December 6, 2024 5:14 AM IST
ഹരിപ്പാട്: ഡോക്ടറെ മെഡിക്കൽ സ്റ്റോർ ഉടമ മർദിച്ചതായി പരാതി. ഹരിപ്പാട് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ ഡോ. എ. അഷ്റഫിനാണ് മർദനമേറ്റത്. ചൊവ്വാഴ്ച വൈകിട്ട് 6.30നായിരുന്നു സംഭവം. ചൈതന്യ കണ്ണ് ആശുപത്രിക്കു സമീപം ഡോക്ടർ പരിശോധനയ്ക്കായി വാടകയ്ക്ക് എടുത്തിരിക്കുന്ന വീടിനു സമീപമുള്ള മെഡിക്കൽ സ്റ്റോർ ഉടമ മർദിച്ചതായാണ് പരാതി.
ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട രോഗിയെ പരിശോധിക്കുന്നതിനു പോകാൻ തുടങ്ങുമ്പോൾ പ്രതി വാഹനം തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നുവെന്ന് ഹരിപ്പാട് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വാഹന പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ എത്തിയതെന്ന് പോലീസ് പറയുന്നു.