ഭാര്യവീട്ടിൽ യുവാവ് മർദനമേറ്റ് മരിച്ച സംഭവം: പ്രതികൾ റിമാൻഡിൽ
1484809
Friday, December 6, 2024 5:14 AM IST
ഹരിപ്പാട്: ഭാര്യവീട്ടിൽ ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ വിഷ്ണു(34) മർദനമേറ്റു മരിച്ച കേസിലെ പ്രതികളെ റിമാൻഡു ചെയ്തു. വിഷ്ണുവിന്റെ ഭാര്യ ആറാട്ടുപുഴ തറയിൽക്കടവ് തണ്ടാശേരിൽ വീട്ടിൽ ആതിര (31), പിതൃസഹോദരങ്ങളായ തണ്ടാശേരിൽ ബാബുരാജ് (55), പദ്മൻ(53), പൊടിമോൻ (51) എന്നിവരെയാണ് ഹരിപ്പാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി പത്തിനാണ് വിഷ്ണുവിനെ ഇവർ മർദിച്ചു കൊലപ്പെടുത്തിയത്. ഒന്നര വർഷത്തിലേറെയായി വിഷ്ണുവും ആതിരയും പിണങ്ങി കഴിയുകയാണ്. ഇവർക്ക് ഏഴു വയസുളള കുട്ടിയുണ്ട്. അവധി ദിവസങ്ങളിൽ വിഷ്ണു കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും. ഇങ്ങനെ കൊണ്ടുവന്ന കുട്ടിയെ തിരികെവിടാനെത്തിയപ്പോഴാണ് വിഷ്ണുവും ആതിരയും തമ്മിൽ വഴക്കുണ്ടാകുകയും തുടർന്ന് ആതിരയും ബന്ധുക്കളും ചേർന്ന് മർദിക്കുകയും ചെയ്തത്.
തലയ്ക്കടിയേറ്റ് അബോധാവസ്ഥയിലായ വിഷ്ണുവിനെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.