യുവവ്യവസായിയെ കബളിപ്പിച്ച് 88 ലക്ഷം തട്ടിയ സംഭവം: പ്രതികളെ റിമാന്‍ഡ് ചെയ്തു
1484807
Friday, December 6, 2024 5:14 AM IST
ചേര്‍ത്തല: ചേര്‍ത്തലയില്‍ യുവവ്യവസായിയെ കബളിപ്പിച്ച് 88 ലക്ഷം തട്ടിയ സംഭവത്തില്‍ പിടിയിലായ നാലുപ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പിടിയിലിലായവരെ പ്രാഥമികമായി ചോദ്യം ചെയ്തതില്‍നിന്നും തട്ടിപ്പു സംഘത്തിലെ പ്രധാനിയായ ഒരാള്‍ സമാനമായ തട്ടിപ്പില്‍ തിരുപ്പൂര്‍ ജയിലിലാണെന്നു വിവരം ലഭിച്ചിട്ടുണ്ട്. സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയത് കേസിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനു ചേര്‍ത്തല പോലീസ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
ഗൂഗിള്‍ റേറ്റിംഗ് റിവ്യൂചെയ്യുന്ന ആപ്പില്‍ ഉള്‍പ്പെടുത്തി ചേര്‍ത്തല സ്വദേശി കൃഷ്ണപ്രകാശിന്റെ (30) പണമാണ് തട്ടിച്ചത്. ചേര്‍ത്തല പോലീസ് നടത്തിയ അന്വേഷണത്തില്‍ കോയമ്പത്തൂര്‍ കളപ്പനായക്കല്‍ ഖാദര്‍മൊയ്തീന്‍ (44), സോമപാളയം മരതരാജ് (36), വേലാണ്ടിപാളയം ഭുവനേശ്വര നഗര്‍ രാമകൃഷ്ണന് (50), വേലാണ്ടിപാളയം തങ്കവേല്‍ (37) എന്നിവരാണ് പിടിയിലായത്. തട്ടിപ്പു സംഘത്തിലെ പ്രധാനികള്‍ക്കുവേണ്ടി ബാങ്ക് അക്കൗണ്ടുകള്‍ എടുത്തു നല്കിയവരാണ് പിടിയിലായ നാലുപേരും. ഇവരെല്ലാം പ്രതിഫലം വാങ്ങി സംഘത്തിനായി പ്രവര്‍ത്തിച്ചവരെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
സംഘത്തെ നിയന്ത്രിക്കുന്ന ഉന്നതല്‍ വിദേശരാജ്യങ്ങളിലിരുന്നാണ് ഇടപാടുകള്‍ ക്രമീകരിക്കുന്നതെന്നും തട്ടിപ്പു തുകകള്‍ ക്രിപ്റ്റോ കറന്സിയാക്കിമാറ്റുന്നുണ്ടെന്നുമാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്.
നവംബര്‍ 24 മുതല്‍ 26വരെയുള്ള ദിവസങ്ങളിലാണ് പരാതിക്കാരന് പിടിയിലായ തങ്കവേലു, രാമകൃഷ്ണന് എന്നിവരുടെ അക്കൗണ്ടിലേക്ക് 28 ലക്ഷവും ബാക്കി തുക മറ്റ് 10 അക്കൗണ്ടുകളിലേക്കുമാണ് അയച്ചിരിക്കുന്നത്. ചേര്‍ത്തല സ്റ്റേഷന് ഓഫീസര്‍ ജി. അരുണ്‍, സബ്ബ് ഇന്‍സ്പക്ടര്‍ കെ.പി. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സൈബര്‍സെല്ലിന്റെയും സാമ്പത്തിക വിദഗ്ധരുടെയും സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.