ആല്വിന് വിധിക്ക് കീഴടങ്ങിയത് സ്വപ്നങ്ങള്‍ ബാക്കിവച്ച്
1484805
Friday, December 6, 2024 5:14 AM IST
എടത്വ: എംബിബിഎസ് സ്വപ്നങ്ങള്‍ ബാക്കിവച്ച് ആല്വിന് വിധിക്ക് കീഴടങ്ങി. നീറ്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച വിജയം നേടി ഡോക്ടറാകണമെന്ന മോഹവുമായി ആലപ്പുഴ ടി.ഡി മെഡിക്കല്‍ കോളജില്‍ എത്തിയ ആദ്യവര്‍ഷ വിദ്യാര്‍ഥി എടത്വ തലവടി പള്ളിച്ചിറ കൊച്ചുമോന് ജോര്‍ജിന്റെ മകന് ആല്വിന് ജോര്‍ജാണ് (20) വിധിക്ക് കീഴടങ്ങിയത്.
കഴിഞ്ഞദിവസം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശേരി മുക്കിനു സമീപത്തുണ്ടായ വാഹനാപകടത്തിലാണ് ആല്വിന് ഗുരുതരമായി പരിക്കേറ്റത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇന്നലെ വൈകിട്ട് 4.30 ഓടെ ആല്വിന് വിധിക്ക് കീഴടങ്ങുകയായിരുന്നു. അന്ത്യയാത്രയ്ക്ക് മുന്‍പ് അമ്മ മീനയെ ഫോണില്‍ വിളിച്ചിരുന്നു. സുഹൃത്തുക്കള്‍ സിനിമയ്ക്കു പോകാന്‍ ക്ഷണിച്ചെങ്കിലും ആദ്യം നിരസിച്ചു. കൂട്ടുകാര്‍ നിര്‍ബന്ധിച്ചതോടെ ക്ഷണം സ്വീകരിച്ച് ഇറങ്ങാന്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് അമ്മയെ വിളിച്ച് അനുവാദം വാങ്ങിയത്.
ആ യാത്ര അന്ത്യയാത്രയില്‍ കലാശിക്കുകയായിരുന്നു. എടത്വ ജോര്‍ജി യന്‍ പബ്ളിക് സ്കൂളിലും സെന്റ് അലോഷ്യസ് ഹയര്‍ സെക്കൻഡറി സ്കൂളിലും പഠിച്ചിരുന്ന ആല്വിന് പഠനത്തിലും സ്പോട്സിലും മികവുറ്റ വിദ്യാര്‍ഥിയായിരുന്നു.
നീറ്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച വിജയം നേടിയാണ് എംബിബിഎസിന് സെലക്ഷന് കിട്ടിയത്. കോളജില്‍ എത്തിയ ആല്‍വിനെ സുഹൃത്തുകള്‍ സ്വീകരിക്കുമ്പോള്‍ കോളജ് കോമ്പൗണ്ടിലെ ഫുട്ബോള്‍ ഗ്രൗണ്ട് ഏറെ ഇഷ്ടപ്പെട്ടിരുന്നതായി ആല്വിന് വീട്ടുകാരെ അറിയിച്ചിരുന്നു. പിതാവ് കൊച്ചുമോന് ഖത്തറിലാണ്. അപകടവിവരമറിഞ്ഞ് ചൊവ്വാഴ്ച നാട്ടിലെത്തിയിരുന്നു.
മകന്റെ ചികിത്സയില്‍ അല്പം പുരോഗതിയുണ്ടെന്ന ആശ്വാസവാക്കുകള്‍ മാതാപിതാക്കളുടെ ഹൃദയത്തിന് പ്രതീക്ഷയുടെ തിരിനാളമായെങ്കിലും മരണവാര്‍ത്തയറിഞ്ഞ ഇവര്‍ക്ക് താങ്ങാനായില്ല. ഇന്നലെ വൈകിട്ടോടെ ബന്ധുക്കള്‍ക്കൊപ്പം അമ്മ മീന തലവടിയിലെ വീട്ടില്‍നിന്നും എറണാകുളത്തക്ക് തിരിച്ചു. പഠനം ആരംഭിച്ച് 51 നാള് എത്തുമ്പോഴേക്കും വിധി ആല്‍വിനെയും മടക്കമില്ലാത്ത ലോകത്തേക്ക് തിരികെവിളിച്ചു.