മുൻ ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് സിപിഎം പ്രവർത്തകർ ബിജെപിയിൽ
1484577
Thursday, December 5, 2024 5:03 AM IST
കായംകുളം: ബിപിൻ സി. ബാബുവിനു പിന്നാലെ പത്തിയൂരിൽ മുൻ ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു. മാളിയേക്കൽ മുൻ ബ്രാഞ്ച് സെക്രട്ടറി രാജൻകളത്തിലടക്കം അഞ്ച് പേരാണ് ബിജെപിയിൽ ചേർന്നത്.
പത്തിയൂരിൽ ഉപതെരഞ്ഞെടുപ്പിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യാൻ എത്തിയ ശോഭ സുരേന്ദ്രൻ ഇവരെ ഷാളണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന് മുൻ ജില്ലാപഞ്ചായത്തംഗം ബിപിൻ സി. ബാബുവും വേദിയിലുണ്ടായിരുന്നു.
ബിപിൻ ബാബുവിനെതിരേ ഭാര്യയുടെ പീഡന പരാതി
കായംകുളം: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി. ബാബുവിനെതിരേ ഭാര്യ നൽകിയ സ്ത്രീധന പീഡന പരാതിയിൽ പോലീസ് കേസെടുത്തു. ഭാര്യ മിനിസ ജബ്ബാറിന്റെ പരാതിയിലാണ് കരീലക്കുളങ്ങര പോലീസ് കേസെടുത്തത്. പത്തുലക്ഷം രൂപ സ്ത്രീധനം വാങ്ങിയെന്നും കൂടുതൽ സ്ത്രീധനം ചോദിച്ച് ശാരീരികമായി ഉപദ്രവിച്ചു, പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് മർദിച്ചു തുടങ്ങിയ പരാതികളിലാണ് കേസെടുത്തത്.
മഹിളാ അസോസിയേഷൻ ജില്ലാനേതാവും ഡിവൈഎഫ്ഐ അംഗവുമാണ് മിനിസ. ഇരുവരും പിരിഞ്ഞു കഴിയുകയാണ്. ബിപിന്റെ അമ്മയും സിപി എം കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ പ്രസന്നകുമാരി കേസിൽ രണ്ടാം പ്രതിയാണ്.
ബിപിനെതിരേ മിനിസ നേരത്തെ പാർട്ടിയിൽ പരാതി നൽകിയിരുന്നു. ബിപിൻ സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിനു പിന്നാലെ മിനിസയും സിപിഎം പ്രവർത്തകരും ചേർന്ന് പോയിതന്നതിന് നന്ദി എന്നെഴുതിയ കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു.
കഴിഞ്ഞദിവസമാണ് ബിപിൻ ബിജെപിയിൽ ചേർന്നത്. ബിപിൻ സി. ബാബു തന്റെ പിതാവിൽ നിന്ന് 10 ലക്ഷം രൂപ സ്ത്രീധനമായി വാങ്ങിയെന്നും കൂടുതൽ സ്ത്രീധനത്തിനായി കരണത്തടിച്ചെന്നും പരാതിയിലുണ്ട്. ശാരീരികമായി ഉപദ്രവിച്ചെന്നും തേപ്പുപെട്ടിയെടുത്ത് അടിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ സൂചിപ്പിക്കുന്നു.
പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് മർദ്ദിച്ചെന്നും പരാതിയുണ്ട്. സിപിഎം ആലപ്പുഴ ജില്ലയിൽ വിഭാഗീയത പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോഴാണ് ബിപിൻ സി. ബാബു പാർട്ടിവിട്ടത്.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ അംഗം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്, കേരള സർവകലാശാല സെനറ്റ് അംഗം എന്നീ പ്രധാന പദവികൾ വഹിച്ചിട്ടുള്ളയാളാണ് ബിപിൻ സി ബാബു.