പ്രോത്സാഹനവില കുറച്ചത് കർഷകരോടുള്ള വെല്ലുവിളി: കൊടിക്കുന്നിൽ സുരേഷ് എംപി
1484575
Thursday, December 5, 2024 5:03 AM IST
മാവേലിക്കര: നെല്ലുസംഭരണ പ്രോത്സാഹന വില 5.20 രൂപയാക്കി കുറച്ച സംസ്ഥാന സർക്കാർ നിലപാട് കേരളത്തിലെ നെൽകർഷകരോടുള്ള സംസ്ഥാന സർക്കാരിന്റെ വെല്ലുവിളിയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി കുറ്റപ്പെടുത്തി.
കഴിഞ്ഞവർഷം 6.37 രൂപയായിരുന്ന നെല്ല് സംഭരണത്തിനുള്ള പ്രോത്സാഹന വിലയാണ് ഇത്തവണ 5.20 രൂപയാക്കിയത്. ഇതുമൂലം കർഷകർക്ക് നെല്ലിന്റെ താങ്ങുവിലയിൽ അധികമായി ലഭിക്കേണ്ടിയിരുന്ന 1.17 രൂപയാണ് സംസ്ഥാന സർക്കാർ കവർന്നെടുത്തിരിക്കുന്നത്.
സംസ്ഥാന സർക്കാർ സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണത്തിലൂടെ ലാഭം ഉണ്ടാക്കുമ്പോൾ നെൽകർഷകർക്ക് പിആർഎസ് വായ്പയുടെ പേര് പറഞ്ഞ് യഥാസമയം പണം നൽകാതിരിക്കുകയും അവർക്ക് അധികമായി ലഭിക്കേണ്ടിയിരുന്ന തുക വെട്ടിച്ചുരുക്കുകയും ചെയ്ത നടപടികളിലൂടെ സംസ്ഥാന സർക്കാർ നെൽകർഷകർക്കെതിരാണെന്നുള്ള വ്യക്തമായ സന്ദേശമാണ് നൽകുന്നത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം അനിവാര്യമാണ്.
നെൽകർഷകർ അനുഭവിക്കുന്ന വിഷയങ്ങൾ പാർലമെന്റിൽ ഉയർത്തുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.