സമരസമിതിയുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യും: മന്ത്രിമാർ
1484572
Thursday, December 5, 2024 4:57 AM IST
ചങ്ങനാശേരി: തണ്ണീര്‍മുക്കം ബണ്ട് റഗുലേറ്റ് ചെയ്യുക, നെല്ലിന് കേന്ദ്രം നാലുവര്‍ഷമായി വര്‍ധിപ്പിച്ച നെല്‍വിലയും സംസ്ഥാന വിഹിതവുമടക്കം കിലോയ്ക്ക് 32.52 രൂപ വില നല്‍കുക, രണ്ടാം കൃഷിയുടെ നെല്ല് സംഭരണ വില ഉടന്‍ ലഭ്യമാക്കുക, വൃശ്ചിക വേലിയേറ്റത്തില്‍ മട വീണ പാടശേഖരങ്ങള്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കുക,
തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നെല്‍കര്‍ഷക സംരക്ഷണസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്നും വൈസ്പ്രസിഡന്റ് ലാലിച്ചന്‍ പള്ളിവാതുക്കലും കഴിഞ്ഞ ഒമ്പതു ദിവസമായി ആലപ്പുഴ കളക്ടറേറ്റ് പടിക്കല്‍ നടത്തിവന്ന അനിശ്ചിതകാല നിരാഹാരസമരം താത്കാലികമായി അവസാനിപ്പിച്ചു.
സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്. അനില്‍, കൃഷി മന്ത്രി പി. പ്രസാദ് എന്നിവർ കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ്, ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് എന്നിവരുടെ സാന്നിധ്യത്തില്‍ ആലപ്പുഴ കളക്ടറേറ്റില്‍ നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന നേതാക്കളായ വി.ജെ. ലാലി, റജീന അഷ്റഫ്, പി.ആര്. സതീശന്, ജോസ് കാവനാട്, പി.ആര്. വേലായുധന് നായര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.