കളിയും ചിരിയും മാഞ്ഞു; തേങ്ങലും വിതുമ്പലും നിറഞ്ഞ് ഹോസ്റ്റൽ മുറികൾ
1484568
Thursday, December 5, 2024 4:57 AM IST
അന്പലപ്പുഴ: കഴിഞ്ഞ ദിവസംവരെ കളിയും ചിരിയും നിറഞ്ഞുനിന്ന ഹോസ്റ്റൽ മുറികളിൽ രണ്ട് ദിവസമായി തേങ്ങലും വിതുമ്പലും മാത്രം.
ആലപ്പുഴ മെഡിക്കൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്റ്റൽ മുറികളിൽ പലതിന്റെയും വാതിൽപ്പാളികളും ജനലുകളും പാതിചാരിയ നിലയിലാണ്. നേരം ഇരുണ്ടാലും മുറിക്കുള്ളിൽ വെളിച്ചം വീശാറില്ല. പലരും കൃത്യമായി ഭക്ഷണം പോലും കഴിക്കുന്നില്ല.
ഒരു നേരംപോക്കിനായി സിനിമകണ്ട് മടങ്ങിയെത്താമെന്ന് പറഞ്ഞു പിരിഞ്ഞ സുഹൃത്തുക്കളെ പിന്നീട് കാണുന്നത് ചേതനയറ്റ നിലയിലായിരുന്നു. തങ്ങളോടൊപ്പം കഴിഞ്ഞ രാത്രിവരെ ഗുഡ് നൈറ്റ് പറഞ്ഞ് അന്തിയുറങ്ങിയിരുന്ന സുഹൃത്തുക്കളുടെ വേർപാടിന്റെ ഞെട്ടലിൽനിന്നും ആരും മോചിതരായിട്ടില്ല.
ഇന്നലെയും കോളജിന് അവധിയായിരുന്നതിനാൽ പലരും പുറത്തുപോലും ഇറങ്ങാതെ ഹോസ്റ്റൽ മുറിക്കുള്ളിൽ കഴിച്ചുകൂട്ടി. മറ്റ് ചിലർ സുഹൃത്തുക്കളുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനും പോയി.
പലനാടുകളിൽനിന്നെത്തി ഒന്നിച്ചുകൂടിയിട്ട് ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളൂവെങ്കിലും ഇവരുടെ സുഹൃദ്ബന്ധം ഏറെ ആഴമേറിയതായിരുന്നു. മൂന്നു പേർക്ക് കഴിയാവുന്ന തരത്തിലുള്ള മുറികളാണ് ഹോസ്റ്റലിന്.
പഠിക്കാനും വിശ്രമിക്കാനും മാത്രമാണ് മുറിയിൽ കയറുന്നത്. ബാക്കി സമയം ഹോസ്റ്റൽ വളപ്പിലും വരാന്തകളിലും കളിയും ചിരിയുമായി കഴിച്ചുകൂട്ടും. സംഭവദിവസം രാത്രിവരെ കൂട്ടുകാർ പലരുമായി ഒത്തുകൂടിയിരുന്നു.
അതിനിടെയാണ് സിനിമ എന്ന മോഹവുമായി 11 പേർ പുറപ്പെടുന്നത്. ഒപ്പം കൂടാൻ പലരെയും ക്ഷണിച്ചെങ്കലും വാഹനത്തിൽ കയറാൻ ഇടക്കുറവുള്ളതിനാൽ പലരും ഒഴിവായി. ബസിൽ പോയാൽ തിരിച്ചെത്താൻ വാഹനം കിട്ടില്ലെന്ന കാരണത്താലും പലരും ഒഴിവായി.
ഹോസ്റ്റൽ വളപ്പിൽനിന്നു വാഹനത്തിൽ കയറി മിനിറ്റുകൾ കഴിഞ്ഞപ്പോഴേക്കും ദുരന്തവിവരം പലരും അറിഞ്ഞു. പരിക്കുകൾ മാത്രമാണെന്നാണ് ആദ്യം അറിയുന്നത്. പിന്നീടാണ് അറിയുന്നത് കഴിഞ്ഞ നിമിഷംവരെ ഒന്നിച്ചുണ്ടായിരുന്നവരിൽ പലരും തിരിച്ചുവരാത്ത ലോകത്തേക്ക് യാത്രയായെന്ന്. അറിഞ്ഞവർ പലരും ആശുപത്രിയിലേക്ക് ഓടിയെത്തി.
പിന്നീട് കൂട്ടക്കരച്ചിലായി. പിറ്റേന്ന് പൊതുദർശനത്തിനുവച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ആംബുലൻസിൽ കയറ്റുമ്പോഴും തങ്ങളുടെ ഉറ്റ സുഹൃത്തുക്കളുടെ ചേതനയറ്റ ശരീരത്തിന് മുന്നിൽ അവർ വിതുമ്പിനിന്നു.