ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദനമേറ്റു മരിച്ചു
1484565
Thursday, December 5, 2024 4:57 AM IST
ഹരിപ്പാട്: ഭാര്യാ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദനത്തിനിടെ മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജൻ-ബീന ദമ്പതികളുടെ ഏക മകൻ വിഷ്ണുവാണ് (34) മരിച്ചത്. സംഭവത്തിന്റെ പേരിൽ ഭാര്യ അടക്കം നാലുപേരെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ് തു. വിഷ്ണുവിന്റെ ഭാര്യ ആറാട്ടുപുഴ തണ്ടാശേരിൽ ആതിര (31), ആതിരയുടെ ബന്ധുക്കളായ തണ്ടാശേരിൽ ബാബുരാജ് (54), പദ്മൻ (41), പൊടിമോൻ (50) എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രി പത്തിന് തറയിൽക്കടവിലായിരുന്നു സംഭവം. തറയിൽക്കടവ് തണ്ടാശേരിൽ വീട്ടിൽ ആതിര രാജാണ് വിഷ്ണുവിന്റെ ഭാര്യ. ഇവർ തമ്മിൽ ഒന്നര കൊല്ലമായി പിണങ്ങിക്കഴിയുകയാണ്. ഇവർക്ക് ഏഴു വയസുള്ള മകളുണ്ട്. പോലീസ് സ്റ്റേഷനിലെ ധാരണ പ്രകാരം മകളെ അവധി ദിവസങ്ങളിൽ വിഷ്ണുവിനോടൊപ്പം വിട്ടയയ് ക്കും. ഒപ്പമുണ്ടായിരുന്ന മകളെ തിരികെ ഏൽപ്പിക്കാനാണ് വിഷ്ണു എത്തിയത്.
എന്നാൽ, തൻവി അച്ഛനോടൊപ്പം പോകണമെന്ന് വാശിപിടിച്ച് ബൈക്കിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കിയില്ല. ഇതിൽ ദേഷ്യപ്പെട്ട് ആതിര രാജ് മകളെ അടിച്ചു. ഇതേ ചൊല്ലി വിഷ്ണുവും ആതിരയും തമ്മിൽ വഴക്കായി.
ഇതിനിടെ വിഷ്ണു ആതിരയെ അടിച്ചു. ഇത് കണ്ട് സംഭവസ്ഥലത്തുണ്ടായിരുന്ന സമീപവാസികളായ ആതിരയുടെ ബന്ധുക്കൾ കൂട്ടം ചേർന്ന് വിഷ്ണുവിനെ ക്രൂരമായി മർദിക്കുകയായി രുന്നു. അടിയേറ്റ് നിലത്തുവീണ വിഷ്ണു കേണപേക്ഷിച്ചിട്ടും മർദനം തുടർന്നു.
ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചും മർദിച്ചതായും പറയുന്നു. പിടിച്ചുമാറ്റാൻ വന്ന വിഷ്ണുവിന്റെ ബന്ധു കിഷോറിനും മർദനമേറ്റു.
ബോധരഹിതനായി കിടന്ന വിഷ്ണുവിനെ കിഷോറും നാട്ടുകാരും ചേർന്ന് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സമീപവാസികൾ വിളിച്ചുപറഞ്ഞതനുസരിച്ച് തൃക്കുന്നപ്പുഴ പോലീസ് സംഭവസ്ഥലത്ത് എത്തി.
കായംകുളം താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് തയാറാക്കിയതിനുശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി. രാത്രി എട്ടരയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
കായംകുളം ഡിവൈഎസ്പി എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിൽ തൃക്കുന്നപ്പുഴ പോലീസ് ഇൻസ്പെക്ടർ ഷാജിമോൻ, എസ്ഐമാരായ അജിത്ത്, ശ്രീകുമാർ, സനിൽകുമാർ, എഎസ്ഐമാരായ ഗോപകുമാർ, വിനോദ്, പോലീസ് ഓഫീസർമാരായ ശ്യാം,ഷിജു, ശരത്, ഇക്ബാൽ, സജീഷ്, സഫീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.